സ്ത്രീശാക്തീകരണത്തിന്റെ ഇന്ത്യന്‍ പ്രതീകം; രുക്മാബായി

0
97

ന്യൂഡല്‍ഹി: 1864ല്‍ മുംബൈയില്‍ ജനിച്ച രുക്മാബായി സ്ത്രീശാക്തീകരണത്തിന്റെ ഇന്ത്യന്‍ പ്രതീകമാണ്. ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടര്‍മാരില്‍ ഒരാള്‍. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും സാമൂഹ്യ തിന്മകള്‍ക്കെതിരെയും പോരാടിയ ധീര വനിത.

ആശാരി സമുദായത്തില്‍ ജനിച്ച രുക്മാബായിക്ക് തന്റെ 8ാം വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ടു. തുടര്‍ന്ന് അന്ന് സമൂഹത്തില്‍ നിലനിന്നിരുന്ന ബാലവിവാഹം പോലുള്ള നിരവധി സമൂഹ്യപ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 11ാം വയസ്സില്‍ വിവാഹിതയായ രുക്മാബായി തന്റെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം പോരാടി. വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിന് ശേഷം അമ്മയുടെയും രണ്ടാനച്ഛന്റെയും കൂടെ താമസം തുടങ്ങിയ രുക്മാബായിക്കെതിരെ 1884ല്‍ രുക്മാബായിയുടെ ഭര്‍ത്താവ് ദാദാജി ഭികാജി കോടതിയെ സമീപിച്ചു. ബോംബെ ഹൈക്കോടതിയില്‍ ഭാര്യയുടെ മേല്‍ അവകാശം പുന:സ്ഥാപിക്കാനായി ദാദാജി ഭികാജിയുടെ അഭ്യര്‍ത്ഥനയില്‍ ഭര്‍ത്താവിന് അനുകൂലമായി കോടതി വിധി വന്നുവെങ്കിലും രുക്മാബായി അതിനെ നിരസിച്ചു.

രുക്മാബായിക്കും ദാദാജിക്കും തമ്മില്‍ നടന്ന അവകാശങ്ങള്‍ക്കായുള്ള യുദ്ധം ഇന്ത്യയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് വഴിവച്ചു. നിരന്തരമായ പോരാട്ടത്തതിലൂടെ രുക്മാഭായി 1888ല്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടി. തുടര്‍ന്ന് മെഡിസിന്‍ പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോകുകയും ചെയ്തു. രുക്മാഭായിയുടെ അവകാശങ്ങള്‍ക്കായുള്ള യുദ്ധം എല്ലാ സ്ത്രീകള്‍ക്കും ഒരു പ്രചോദനമാണ്.

മെഡിസിന്‍ പഠനശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ രുക്മാബായി സാമൂഹ്യ പ്രശ്‌നങ്ങളിലും ഇടപെട്ടിരുന്നു. 133 വര്‍ഷം പഴക്കമുള്ള ബോംബെ നാചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സ്ഥാപക അംഗം കൂടിയാണ് രുക്മാബായി.
സ്ത്രീ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച രുക്മാബായിയുടെ 153ാം ജന്മദിനം ഗൂഗിള്‍ ഡൂഡിള്‍ അവതരണത്തിലൂടെ ആദരിച്ചിരിക്കുകയാണ്

1955 സെപ്തംബര്‍ 25 ന് തന്റെ 91ാം വയസ്സില്‍ രുക്മാബായി മരണമടഞ്ഞു.