പയ്യന്നൂര്‍: ഇന്ത്യന്‍ നാവികസേനയുടെ ചരിത്രത്തില്‍ പുതിയ താളുകള്‍ എഴുതിച്ചേര്‍ത്ത് ഉത്തര്‍പ്രദേശ് സ്വദേശി ശുഭാംഗി സ്വരൂപ്. ഇന്ത്യന്‍ നാവികസേനയിലെ ആദ്യ വനിതാ പൈലറ്റാണ് ശുഭാംഗി. ബുധനാഴ്ച രാവിലെ ഏഴിമല നാവിക അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത് ശുഭാംഗി നാവികസേനയുടെ വിമാനം പറത്തി.
വിശാഖപട്ടണത്ത് ഇന്ത്യന്‍ നേവിയില്‍ കമാന്‍ഡര്‍ ആയ ഗ്യാന്‍ സ്വരൂപിന്റെയും നേവി സ്കൂളില്‍ അധ്യാപികയായ കല്പന സ്വരൂപിന്റെയും മകളാണ് ശുഭാംഗി. സഹോദരന് ശുഭം സ്വരൂപ് രണ്ടാം വര്‍ഷ ബി.എസ്.സി. വിദ്യാര്‍ഥിയാണ്. ശുഭാംഗി ചരിത്രമുഹൂര്‍ത്തം കുറിക്കുന്നതുകാണാന് അച്ഛനമ്മമാരും സഹോദരനും മുത്തച്ഛനും മുത്തശ്ശിയും ഏഴിമല നാവിക അക്കാദമിയില്‍ എത്തിയിരുന്നു.
കൊച്ചി നേവല്‍ ബേസില്‍നിന്നാണ് ശുഭാംഗി ആദ്യഘട്ട പരിശീലനം നേടിയത്. ഡിണ്ടിഗലില്‍ തുടര്‍ പരിശീലനം നേടി. ഏഴിമല നാവിക അക്കാദമിയിലായിരുന്നു കായികമുള്പ്പെടെയുള്ള പരിശീലനം.