കെ.ശ്രീജിത്ത്
തിരുവനന്തപുരം: ഒടുവില്‍ കെ.ഇ.ഇസ്മയിലിനെതിരെ സിപിഐ നടപടിയെടുത്തിരിക്കുന്നു. സമീപകാലത്ത് പാര്‍ട്ടിയുടെ ഏറ്റവും വലിയ അഭിമാനപ്രശ്നമായി മാറിയ തോമസ് ചാണ്ടി വിഷയവുമായി ബന്ധപ്പെട്ടാണ് നടപടി. ഇനി മുതല്‍ ഇടതുമുന്നണി യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇസ്മയിലിനെ ഒഴിവാക്കുകയാണ് ചെയ്തിട്ടുള്ളത്.
തോമസ് ചാണ്ടി രാജിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐയുടെ നാല് മന്ത്രിമാര്‍ വിട്ടുനിന്നത് ചില നേതാക്കള്‍ അറിഞ്ഞില്ലെന്ന് ഇസ്മയില്‍ പറഞ്ഞത് സിപിഐയ്ക്ക് കടുത്ത അഭിമാനക്ഷതമേല്പ്പിച്ചിരുന്നു. ‘മന്ത്രിസ്ഥാനത്തുനിന്നുള്ള തോമസ് ചാണ്ടിയുടെ രാജി വെകിയിട്ടില്ല. പ്രശ്നങ്ങള്‍ പരിശോധിക്കാനുള്ള സാവകാശം മാത്രമെ എടുത്തിട്ടുള്ളൂ എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. മന്ത്രിസഭാ യോഗം സിപിഐ ബഹിഷ്കരിച്ചത് പാര്‍ട്ടിയില്‍ കൂടിയാലോചന നടത്താതെയാണ്. എന്നോട് പറഞ്ഞിരുന്നു. പക്ഷെ, പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ അറിഞ്ഞുകാണില്ല’ എന്നാണ് ഇസ്മയില്‍ പറഞ്ഞത്.
തോമസ് ചാണ്ടി വിഷയത്തില്‍ സിപിഎമ്മുമായി കൊമ്പുകോര്‍ത്തുനിന്ന സിപിഐയ്ക്കേറ്റ കനത്ത പ്രഹരമായിരുന്നു ഇത്. സിപിഎമ്മിനെ വരച്ച വരയില്‍ നിര്‍ത്തിയെന്നും തോമസ് ചാണ്ടിയുടെ രാജിയ്ക്ക് കാരണം തങ്ങളുടെ ഉറച്ച നിലപാടാണെന്നും അഭിമാനം കൊണ്ടിരുന്ന സിപിഐയ്ക്ക് ഇസ്മയിലിന്റെ പാളയത്തിലെ പട തിരിച്ചടിയായി. ഇടതുമുന്നണിയില്‍ ആദര്ശപരിവേഷമുള്ള, വേറിട്ടൊരു പാര്‍ട്ടി എന്ന പ്രതിച്ഛായ സൃഷ്ടിച്ച സിപിഐയ്ക്ക് തങ്ങളുടെ മുതിര്‍ന്ന നേതാക്കളിലൊരാളില് നിന്നുള്ള ഈ പരാമര്‍ശം സഹിക്കാവുന്നതിലപ്പുറമായിരുന്നു. ഇതോടെ പാര്‍ട്ടിയിലെ വിഭാഗീയത തുറന്നുകാട്ടപ്പെടുകയും പ്രതിരോധത്തിലായിരുന്ന സിപിഎമ്മിന് താല്കാലികമായെങ്കിലും സിപിഐയെ അടിക്കാന്‍ ഒരു വടി കിട്ടുകയും ചെയ്തു.
എങ്ങിനെയും സിപിഐയെ ഒതുക്കാന്‍ കച്ചകെട്ടിയിറങ്ങിയിട്ടുള്ള സിപിഎമ്മിന് ഇസ്മയിലും കൂട്ടരും ഒരു ആയുധമാകുമെന്ന് നേരത്തെത്തന്നെ രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടിയിരുന്നു. ഇക്കാര്യം പലരും രഹസ്യമായി പറയുകയും ചെയ്തിരുന്നു. കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സിപിഐ തങ്ങള്‍ക്ക് മീതെ കളിക്കുന്നത് സിപിഎമ്മിന് അസഹനീയമായിട്ട് കുറച്ചുകാലമായി. മൂന്നാര്‍ വിഷയം തൊട്ട്, പ്രത്യേകിച്ചും റവന്യൂ വകുപ്പ് ഭരിക്കുന്ന ചന്ദ്രശേഖരന്, ഭരണത്തിന് നേതൃത്വം നല്കുന്ന പാര്‍ട്ടിയ്ക്ക് നല്കുന്ന തലവേദന കുറച്ചൊന്നുമല്ല. ഇതില്‍ സഹികെട്ട സിപിഎമ്മിന്റെ ഉള്ളിലിരുപ്പാണ് അവരുടെ മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദിനിലൂടെ പുറത്തുവന്നത്. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഐ ഏത് മുന്നണിയിലായിരിക്കുമെന്ന് അറിയില്ലെന്നും ഒറ്റയ്ക്കുനിന്നാല്‍ സിപിഐയ്ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും ആനത്തലവട്ടം തുറന്നടിച്ചു.
സിപിഐയുടെ ‘പ്രതിച്ഛായ നാടകം’ ആണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിപിഎം ഉറച്ചുവിശ്വസിക്കുന്നുണ്ട്. ഇത് പൊളിക്കണമെന്ന് അവര്‍ കണക്കുകൂട്ടുന്നുമുണ്ട്. അതിന് പറ്റിയ നേതാവാണ് കെ.ഇ.ഇസ്മയിലെന്ന് അവര്‍ കരുതുന്നു. വര്‍ഷങ്ങളായി ഇസ്മയിലിന്റെ നേതൃത്വത്തിലൊരു വിഭാഗം സിപിഐയില്‍ അസംതൃപ്തരായി കഴിയുന്നുണ്ടെന്നും അവര്‍ക്കറിയാം. ഇസ്മയിലും പാര്‍ട്ടിയ്ക്കുള്ളിലെ തന്റെ പോരിന് സിപിഎമ്മിന്റെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. സിപിഎമ്മിന്റെ പിന്തുണയോടെ കാനത്തിനും കൂട്ടര്‍ക്കും തിരിച്ചടി നല്‍കാമെന്ന് അദ്ദേഹവും കണക്കുകൂട്ടുന്നു. വരുന്ന സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കണമെന്ന് ഇസ്മയില്‍ ആഗ്രഹിക്കുന്നുണ്ട്.
ഭരിക്കുന്ന മുന്നണിയിലെ രണ്ട് പ്രമുഖ പാര്‍ട്ടികള്‍ക്കുമിടയിലെ പോര് ഇനിയും കനക്കാനാണ് സാധ്യത. ഇസ്മയിലിനെതിരെ നടപടിയെടുത്ത് കാനവും സിപിഐയിലെ ഔദ്യോഗിക വിഭാഗവും തല്കാലം മുഖം രക്ഷിച്ചു. എന്നാല്‍ ഇതുകൊണ്ട് ഇസ്മയില്‍ ഒതുങ്ങിയിരിക്കുമോ എന്ന് കണ്ടറിയണം. ഇക്കാര്യങ്ങളെല്ലാം സിപിഎമ്മും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ ഇപ്പോള്‍ ഒതുക്കിയിരുത്തേണ്ടത് സ്വന്തം പാളയത്തിലുള്ള സിപിഐയെ ആണെന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ട്.