ജയിക്കുക കറിവേപ്പിലയോ വൃദ്ധസദനമോ? ബ്ലാസ്‌റ്റേഴ്‌സ്-ജാംഷഡ്പൂര്‍ മത്സരം നാളെ

0
46

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്റെയും ജംഷഡ്പൂര്‍ എഫ്‌സിയുടെയും ആരാധകരുടെ വിര്‍ച്വല്‍ പോരിന് നാളെ കൊച്ചിയില്‍ വിരാമം. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇരുടീമുകളും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടും.
ബ്ലാസ്റ്റേഴ്സിനൊപ്പം കഴിഞ്ഞ സീസണിലുണ്ടായിരുന്ന കോച്ചും താരങ്ങളും ഇത്തവണ ജംഷഡ്പൂര്‍ ടീമിനൊപ്പം ചേര്‍ന്നപ്പോള്‍ ബ്ലാസ്റ്റേഴ്സിന്റെ കറിവേപ്പിലയെന്നാണ് ബ്ലാസ്‌റ്റേഴ്‌സ്‌ ആരാധകര്‍ ജംഷഡ്പൂര്‍ എഫ്സിയെ വിശേഷിപ്പിച്ചത്. കോച്ച് സ്റ്റീവ് കൊപ്പല്‍, അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദ്, താരങ്ങളായ ബെല്‍ഫോര്‍ട്ട്, അനസ് എടത്തൊടിക എന്നിവരാണ് ജംഷഡ്പൂര്‍ എഫ്‌സിയിലേയ്ക്ക് പോയത്‌.

എന്നാല്‍ ജംഷഡ്പൂര്‍ ബ്ലാസ്റ്റേഴ്സിനെ വൃദ്ധസദനമെന്നാണ് വിശേഷിപ്പിച്ചത്. മുപ്പത് വയസ് പിന്നിട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ താരം ദിമിതര്‍ ബെര്‍ബറ്റോവ്, വെസ് ബ്രൗണ്‍, പോള്‍ റബൂച്ക, ഇയാന്‍ ഹ്യൂം എന്നീ വിദേശ താരങ്ങളെ ഉദ്ദേശിച്ചായിരന്നു ജംഷഡ്പൂരിന്റെ തിരിച്ചടി.

ബ്ലാസ്റ്റേഴ്സ് ഇത്തവണ മാഞ്ചസ്റ്റര്‍ ശൈലി പിന്തുടരാനാണ് ലക്ഷ്യമിടുന്നതെന്ന് കോച്ച് റെനെ മ്യൂളന്‍സ്റ്റീന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഗോള്‍ നേടുന്നതിനോ നല്ല മുന്നേറ്റങ്ങള്‍ നടത്തുന്നതിനോ ആദ്യ മത്സരത്തില്‍ ടീമിന് സാധിച്ചില്ലെന്നത് ഒരു പോരായ്മ തന്നെയാണ്. ബെര്‍ബറ്റോവും ഹ്യൂമും വിനീതുമൊക്കെ
നിറം മങ്ങിയപ്പോള്‍ വിദേശ ഗോള്‍ കീപ്പര്‍ റബുച്ക മാത്രമാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.

കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ ഫൈനല്‍ വരെയെത്തിച്ച തന്ത്രം പിറന്നത് കോച്ച് സ്റ്റീവ് കൊപ്പലിന്റെ ബുദ്ധിയിലായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ശേഷിയെ അളന്നുമുറിച്ച് വിശകലനം ചെയ്തതായിരിക്കും കൊപ്പലാശാന്റെ ശിഷ്യന്മാരുടെ വരവ്. അതുകൊണ്ട് തന്നെ മൈതാനത്തിലെന്ന പോലെ ഗാലറിയിലും വാശിയേറിയ മല്‍സരമാകും ഉണ്ടാകുക.