കൊല്ലം: തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ ആറ് ഡോക്ടര്‍മാര്‍ പ്രതികളാകും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരും കൊല്ലത്തെ മെഡിട്രിന, മെഡിസിറ്റി ആശുപത്രികളിലെ നാല് ഡോക്ടര്‍മാരും പ്രതികളാകുമെന്ന് അന്വേഷണസംഘം അറിയിച്ചു.
മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. എന്നാല്‍ പൊലീസ് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് കൈമാറിയിരുന്നില്ല. ഇതോടെ ഹൈക്കോടതി നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ വിഷയത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പൊലീസ് സമീപിച്ചു. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോകുന്നത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് വാഹനാപകടത്തില്‍പ്പെട്ട് തമിഴ്നാട് സ്വദേശിയായ മുരുകന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് കൊല്ലത്തെയും തിരുവനന്തപുരത്തെയും ആശുപത്രികളില്‍ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചികിത്സ നിഷേധിക്കപ്പെടുകയായിരുന്നു. സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസില്‍ ആകെ 45 സാക്ഷികളാണുള്ളത്. അതേസമയംസ, കേസില്‍നിന്ന് എസ്യുടി, കിംസ് എന്നീ സ്വരകാര്യ ആശുപത്രികളെ ഒഴിവാക്കിയിട്ടുണ്ട്.