ധാര്‍മികതയും അവതാരികയുടെ കേസും വെല്ലുവിളി; എ.കെ.ശശീന്ദ്രന്റെ മന്ത്രിസഭാ പ്രവേശനം വൈകും

0
69

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: ഇടത് മന്ത്രിസഭയിലേക്കുള്ള എ.കെ.ശശീന്ദ്രന്റെ പ്രവേശനം വൈകും. മന്ത്രിയെന്ന രീതിയില്‍ എ.കെ.ശശീന്ദ്രന്‍ ധാര്‍മികത പുലര്‍ത്തിയില്ലെന്ന ആന്റണി കമ്മിഷന്‍ പരാമര്‍ശവും അവതാരിക നല്‍കിയ കേസുമാണ് മന്ത്രിസ്ഥാനത്തേക്കുള്ള ശശീന്ദ്രന്റെ തിരിച്ചു വരവ് വൈകിക്കുന്നത്.

ഒരു മന്ത്രി ധാര്‍മികത പാലിച്ചില്ലെന്ന ജൂഡിഷ്യല്‍ കമ്മിഷന്‍ നിഗമനം മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരാനുള്ള ശശീന്ദ്രന്റെ സാധ്യതകള്‍ക്ക് തന്നെ മങ്ങലേല്‍പ്പിക്കുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. ഹണിട്രാപ്പ് വിവാദം അന്വേഷിച്ച ജസ്റ്റിസ് ആന്റണി കമ്മിഷന്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ ടി.പി.പീതാംബരന്‍ മാസ്റ്റര്‍ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ എ.കെ.ശശീന്ദ്രനെ മന്ത്രിയാക്കണം എന്ന് ഇടതുമുന്നണിയോട്‌ ആവശ്യപ്പെട്ടത്.

കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ‘ധാര്‍മികത’ പരാമര്‍ശം പീതാംബരന്‍ മാസ്റ്റര്‍ കണ്ടില്ലെന്നു നടിച്ചായിരുന്നു ഇത്.
പെണ്‍കുട്ടിയുമായുള്ള ശശീന്ദ്രന്റെ സംഭാഷണം പുറത്ത് വന്നയുടന്‍ തന്നെയുള്ള മന്ത്രി സ്ഥാനത്തുനിന്നുള്ള ശശീന്ദ്രന്റെ മാതൃകാപരമായ രാജിയും പീതാംബരന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷെ രാജിവെച്ച അതേ അനായാസതയില്‍ ശശീന്ദ്രന് മന്ത്രിയായി തിരിച്ചെത്താന്‍ കഴിയില്ലാ എന്ന് തന്നെയാണ് ഇടത് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

ശശീന്ദ്രന്‍ രാജിവെക്കാനിടയായ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു എന്ന അഭിപ്രായം പ്രതിപക്ഷത്തിനു മാത്രമല്ല ചില ഇടത് മന്ത്രിമാര്‍ക്ക് കൂടിയുണ്ട്. ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച ശേഷമുള്ള കാബിനെറ്റ്‌ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞത് ശശീന്ദ്രന് മന്ത്രിയായി തിരിച്ചുവരാം എന്നാണ്. ഇത് ഞാന്‍ ഒറ്റയ്ക്ക് തീരുമാനിച്ചാല്‍ പോരാ. മുന്നണിയില്‍ നിന്ന് തീരുമാനം വരണം എന്നുകൂടി മുഖ്യമന്ത്രി പറഞ്ഞുവെച്ചു.

ഈ പ്രതികരണത്തില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ശശീന്ദ്രന്റെ കാര്യത്തില്‍ മുഖ്യമന്ത്രി കൈകഴുകയാണ് ചെയ്തത്. ശശീന്ദ്രന്‍ ഉടന്‍ മന്ത്രിയായി തിരിച്ച് വരണം എന്ന് മുഖ്യമന്ത്രി പറഞ്ഞില്ല. മന്ത്രിയായി ശശീന്ദ്രന് തിരിച്ചു വരാം എന്നാണു പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഈ പ്രതികരണം തന്നെ ശശീന്ദ്രന്റെ തിരിച്ചു വരവ് അനയാസമാകില്ലെന്ന സൂചന നല്‍കുന്നു.

ശശീന്ദ്രന്‍ പ്രശ്നത്തിലെ ധാര്‍മ്മികത മുഖ്യമന്ത്രിയുടെയും മുന്നിലുണ്ട് എന്ന് ഈ പ്രതികരണം സൂചന നല്‍കുന്നു. ശശീന്ദ്രന്റെ തിരിച്ചു വരവ് വൈകും എന്ന സൂചന തന്നെയാണ് ഇടത്മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും 24 കേരളയ്ക്ക് നല്‍കിയത്. ഇടത്മുന്നണി യോഗത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ല. യോഗം വിളിക്കണമെന്ന ആവശ്യം പൊന്തിവന്നിട്ടില്ല.

ഇടതുമുന്നണി യോഗം വിളിക്കുന്നതിനു മുന്‍പ് ചില നടപടിക്രമങ്ങള്‍ ഉണ്ട്. ആ നടപടിക്രമങ്ങളിലെക്കൊന്നും കടന്നിട്ടില്ല. എല്‍ഡിഎഫ് യോഗം കൂടിയാല്‍ എല്‍ഡിഎഫില്‍ ഈ കാര്യം ചര്‍ച്ചയ്ക്ക് വരും. എന്‍സിപി ശശീന്ദ്രനെ മന്ത്രിയാക്കണം എന്ന് ആവശ്യപ്പെടണം. അപ്പോള്‍ എല്‍ഡിഎഫ് അക്കാര്യം ചര്‍ച്ച ചെയ്യും.
എല്‍ഡിഎഫ് ചേരുന്ന കാര്യത്തില്‍ പാര്‍ട്ടികള്‍ക്ക് ഇതുവരെ നോട്ടീസ് ഒന്നും നല്‍കിയിട്ടില്ല-വൈക്കം വിശ്വന്‍ പറഞ്ഞു.

ആന്റണി കമ്മിഷന്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയെങ്കിലും ധാര്‍മികത എന്ന ശക്തമായ ആയുധം ശശീന്ദ്രനെതിരെ റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്. ശശീന്ദ്രനെതിരെ ചാനലിലെ അവതാരിക നല്‍കിയ പരാതി ഹൈക്കോടതിയുടെ മുന്നിലുണ്ട്. ഈ പരാതി കോടതിക്ക് പുറത്ത് വെച്ച് ഒത്തുതീര്‍പ്പിന് അനുവദിക്കണം എന്നാണു അവതാരിക ഉന്നയിച്ചത്.

നാളെയാണ് ഈ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്. ഹൈക്കോടതി പരാമര്‍ശം ശശീന്ദ്രനും എന്‍സിപിക്കും നിര്‍ണായകമാണ്. അനുകൂല തീരുമാനം വന്നാല്‍ ഒരു ചുവട് കൂടി വെയ്ക്കാന്‍ കഴിഞ്ഞു എന്ന് എന്‍സിപിക്ക് ആശ്വസിക്കാം. മറിച്ചായാല്‍ തോമസ്‌ ചാണ്ടി നേരിട്ട പ്രശ്നം തിരിച്ചുവരവില്‍ ശശീന്ദ്രനും പ്രതികൂലമാകും. എന്തായാലും എന്‍സിപി വൃത്തങ്ങള്‍ പ്രതീക്ഷയിലാണ്. കാരണം തോമസ്‌ ചാണ്ടിക്ക് മന്ത്രിയായുള്ള തിരിച്ചുവരവ് ഇനി അനായാസമല്ല. അപ്പോള്‍ ശശീന്ദ്രന്‍ മന്ത്രിയാകും എന്ന് തന്നെയാണ് എന്‍സിപി വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്. കാരണം തോമസ്‌ചാണ്ടി മന്ത്രിയല്ലാതായി മാറിയ അവസ്ഥയില്‍ ശശീന്ദ്രന്‍ മന്ത്രിയാകേണ്ടതുണ്ട്. അതാണ്‌ പാര്‍ട്ടി ആഗ്രഹിക്കുന്നത്.

രാഷ്ട്രീയമായി തോമസ് ചാണ്ടി ഉയര്‍ത്തിയ  വെല്ലുവിളിയും  നിയമപോരാട്ടവുമാണ് തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാക്കിയത്. ഈ രാജി പ്രശ്നം അടുത്തെങ്ങും തീരുമെന്ന പ്രതീക്ഷ എന്‍സിപിക്കും ഇടത് വൃത്തങ്ങള്‍ക്കുമില്ല. അപ്പോള്‍ എന്‍സിപിക്കുള്ള ഏക പ്രതീക്ഷ ശശീന്ദ്രന്‍ മാത്രമാണ്.

നിലവില്‍ ശശീന്ദ്രന്‍ തന്നെ മന്ത്രിയാകണം എന്ന് തോമസ്‌ ചാണ്ടിക്കുപോലും ആഗ്രഹമുണ്ട്. കാരണം താന്‍ കെഎസ്ആര്‍ടിസിയില്‍ നടപ്പില്‍ വരുത്താന്‍ ആഗ്രഹിച്ച പരിപാടികള്‍ ശശീന്ദ്രന്‍ വഴി നടപ്പിലാക്കണം എന്നാണ് തോമസ്‌ ചാണ്ടിയുടെ ആഗ്രഹം. അതുകൊണ്ട് തന്നെ പാര്‍ട്ടിക്കകത്ത് നിന്ന് ശശീന്ദ്രന്റെ മന്ത്രി കാര്യത്തില്‍ എതിര്‍പ്പുകളില്ല.

ആന്റണി കമ്മിഷന്‍ എയ്തുവിട്ട ധാര്‍മികതയും നാളത്തെ കേസുമാണ് എന്‍സിപിക്ക് മുന്നിലുള്ളത്. ഈ രണ്ടു പ്രശ്നങ്ങളില്‍ ഏതു വിഷയത്തില്‍ കുരുങ്ങിയാലും മന്ത്രി പദവി ശശീന്ദ്രന് അന്യമാകും. പക്ഷെ പ്രതീക്ഷ നിലനിര്‍ത്തി പൊരുതി നേടാന്‍ തന്നെയാണ് പാര്‍ട്ടി നീക്കം.