പ്രക്ഷോഭ രംഗത്തിറങ്ങിയ വനിതാ മാധ്യമ സംഘടനയടക്കം ആന്റണി കമ്മിഷന് മുന്നില്‍ ആരും ഹാജരായില്ല

0
76

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ കുരുങ്ങിയ ഹണിട്രാപ്പ് കേസ് അന്വേഷിച്ച ജസ്റ്റിസ് ആന്റണി കമ്മിഷന്‍ സിറ്റിംഗില്‍ മൊഴി നല്‍കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒഴിഞ്ഞു നിന്നു. ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നശേഷവും ശശീന്ദ്രനെ മന്ത്രിയാക്കരുത് എന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയോ മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനോ ഈ കാര്യത്തില്‍ മൊഴി നല്‍കിയില്ല.

മംഗളം ഓഫീസുകളിലേക്ക് സ്ത്രീ വിഷയം ഉയര്‍ത്തിക്കാട്ടി മാര്‍ച്ച് നടത്തിയ വനിതാ മാധ്യമ കൂട്ടായ്മ വരെ ആന്റണി കമ്മിഷന്റെ സിറ്റിംഗില്‍ മൊഴി നല്‍കാനെത്തിയില്ല. ശശീന്ദ്രന്‍ വിഷയം കേരളത്തില്‍ ജ്വലിച്ച് നിന്നപ്പോള്‍ പ്രതിഷേധം ശബ്ദം ഉയര്‍ത്തിയ കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങള്‍ ഒന്നും തന്നെ കമ്മിഷന്റെ മുന്നില്‍ ഹാജരായില്ല.

നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് മംഗളം ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തിയത്. ഈ സംഘടനയും കമ്മിഷന് മുന്നില്‍ മൊഴി നല്‍കിയില്ല. ഈ സംഘടനയ്ക്ക് കമ്മിഷന്‍ പലതവണ നോട്ടീസ് അയച്ചു. ഹാജരാകാന്‍ ആവശ്യപ്പെട്ട്. എന്നാല്‍ അവര്‍ ഹാജരായില്ല.

ഒരു സ്റ്റേറ്റ്മെന്റ് എങ്കിലും നല്‍കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ അതും നല്‍കിയില്ല. ഈ വനിതാ സംഘടന കമ്മിഷന്റെ മുന്നില്‍ പരാതി നല്‍കിയിരുന്നു. ആ പരാതിയും അവര്‍ പിന്നീട് പിന്‍വലിച്ചു. പരാതി പിന്‍വലിക്കാന്‍ ആധാരമായി ഇവര്‍ ചൂണ്ടിക്കാട്ടിയത് ന്യൂസ്‌ ബ്രോഡ് കാസ്റ്റെഴ്സ് അസോസിയേഷനില്‍ നേരിട്ട് പരാതി നല്‍കാം എന്നായിരുന്നു.

എന്നാല്‍ ഇവര്‍ അവിടെയും പരാതി നല്‍കിയില്ല. കാരണം മംഗളം ചാനല്‍ ന്യൂസ്‌ ബ്രോഡ് കാസ്‌റ്റേഴ്‌സ്‌
അസോസിയേഷനില്‍ അംഗമല്ലാ എന്ന് അവര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവിടെയും പരാതി നല്‍കാഞ്ഞത്. വിവാദ വിഷയങ്ങള്‍ വരുമ്പോള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങുന്നവര്‍ പ്രശ്നം ജനശ്രദ്ധയില്‍ നിന്ന് മാറുമ്പോള്‍ പ്രതിഷേധവും മാറ്റി വയ്ക്കുന്നതായി ആന്റണി കമ്മിഷന് മുന്നിലെ അനുഭവങ്ങള്‍ വെളിവാക്കുന്നു.