മുംബൈ: മല്‍സരങ്ങള്‍ക്കു മുന്‍പ് വേണ്ടത്ര വിശ്രമം നല്‍കാതെ തുടര്‍ച്ചയായി പരമ്പരകള്‍ ആസൂത്രണം ചെയ്യുന്ന ബിസിസിഐയുടെ നടപടിയെ വിമര്‍ശിച്ച് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. പരമ്പരകള്‍ ആസൂത്രണം ചെയ്യുന്നതിലെ പിഴവ് പ്രകടനത്തെ ബാധിക്കുന്നതായും കോഹ്ലി കുറ്റപ്പെടുത്തി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തയ്യാറെടുക്കാന്‍ വെറും രണ്ടു ദിവസമാണ് ലഭിക്കുന്നതെന്നും കോലി പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഒരു മാസത്തെയെങ്കിലും വിശ്രമം ലഭിച്ചിരുന്നെങ്കില്‍ കളിക്കാര്‍ക്കായി ക്യാമ്പ് നടത്തി വേണ്ടത്ര തയാറെടുപ്പ് നടത്താമായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ തങ്ങള്‍ക്ക് മുമ്പില്‍ മറ്റ് പോംവഴികളില്ലെന്നും കോലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ സീം പിച്ചുകള്‍ ഒരുക്കേണ്ടിവന്നത് തയാറെടുപ്പിന് അവസരമില്ലാത്തതിനാലാണ്. മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനവും മൂന്ന് ട്വന്റി-20യും ഉള്‍പ്പെടുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പര ഡിസംബര്‍ 24 നാണ് പൂര്‍ത്തിയാവുന്നത്. 12 ദിവസത്തിനുശേഷം ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റ് കേപ്ടൗണില്‍ തുടങ്ങും. രണ്ട് ദിവസം മാത്രമാണ് ഇതിനിടയില്‍ ടീമിന് വിശ്രമം ലഭിക്കുന്നത്.
വലിയ പരമ്പരകള്‍ക്കു പോകുമ്പോള്‍ അതിനനുസരിച്ചുള്ള തയാറെടുപ്പുകളും ടീമിന് ആവശ്യമാണ്. പരിശീലനം നേടാന്‍ എത്ര ദിവസം ലഭിച്ചു എന്ന് ആരും അന്വേഷിക്കാറില്ല. മാച്ചിന് ശേഷം ഫലം വരുമ്പോള്‍ നമ്മള് കളിക്കാരുടെ പ്രകടനത്തെ വിലയിരുത്തുന്നത് പതിവാണ്. ഓരോ മല്‍സരങ്ങള്‍ക്കും മുന്‍പ് പരമ്പരയ്ക്ക് തയാറെടുക്കാന്‍ ടീമിന് എത്ര സമയം ലഭിക്കുന്നു എന്നു നോക്കുക. അല്ലാതെ ഓരോ മല്‍സരം കഴിയുമ്പോഴും ടീമംഗങ്ങളെ വിമര്‍ശിക്കുകയല്ല വേണ്ടതെന്നും കോലി പറഞ്ഞു.