മൊബൈല്‍ ആധാറുമായി ബന്ധിപ്പിച്ചു; വീട്ടമ്മയുടെ തൊഴിലുറപ്പ് പ്രതിഫലം മൊബൈല്‍ കമ്പനിക്ക്

0
51


കോഴിക്കോട്: മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയുടെ തൊഴിലുറപ്പ് വേതനം മൊബൈല്‍ കമ്പനിയായ എയര്‍ടെല്ലിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പോയതായി പരാതി. കോഴിക്കോട്ടെ മരുതോങ്കര സ്വദേശിനി ജാനുവാണ് പണം നഷ്ടപ്പെട്ടെന്ന് കാണിച്ച് പരാതി നല്‍കിയിരിക്കുന്നത്.

ജാനുവിന്റെ സെപ്തബര്‍ മാസത്തെ തൊഴിലുറപ്പ് വേതനമായ മൂവായിരത്തി ഒരുനൂറ്റിനാല്‍പ്പത്തിനാല് രൂപയാണ് എയര്‍ടെല്‍ മണി അക്കൗണ്ടിലേക്ക് പോയത്. ഫോണ്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിച്ചതിന് ശേഷമാണ് പണം മൊബൈല്‍ കമ്പനിയുടെ അക്കൗണ്ടിലേക്ക് പോയത്. മരുതോങ്കര ഗ്രാമീണ്‍ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു നേരത്തേ ഇവര്‍ക്ക് പണം വന്നിരുന്നത്.

പഞ്ചായത്ത് തൊഴിലുറപ്പ് വേതനം ആധാര്‍ നമ്പറിനെ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിലേക്കാണ് അയച്ചിരുന്നത്. എന്നാല്‍ ഒടുവില്‍ അധാറുമായി ബന്ധപ്പെടുത്തിയത് എയര്‍ടെല്‍ മൊബല്‍ നമ്പര്‍ ആയിരുന്നു. ഇത്തരത്തില്‍ കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി മരുതോങ്കര പഞ്ചായത്തില്‍ എത്തുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.എം.സതി പറഞ്ഞു. എന്നാല്‍ താന്‍ അറിയാതെ പണം എങ്ങനെ എയര്‍ടെല്ലിലേക്ക് മാറിയെന്നത് സംബന്ധിച്ച് അന്യേഷണം വേണമെന്നാവശ്യപെട്ട് ജാനു കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.