ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് കേരളത്തിലെ ജനങ്ങളോടുള്ള അവഹേളനം: ചെന്നിത്തല

0
31

കോട്ടയം: ഫോണ്‍കെണി കേസില്‍ ആരോപണവിധേയനായ എ.കെ. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് കേരളത്തിലെ ജനങ്ങളോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശശീന്ദ്രന്‍ രാജിവെച്ചത് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതു കൊണ്ടോ പരാതി കൊടുത്തതു കൊണ്ടോ അല്ല. പൊതുപ്രവര്‍ത്തകന്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മാന്യത നഷ്ടപ്പെട്ടപ്പോളായിരുന്നു രാജി. അത് ഇതുവരെയും മാറിയിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.

ഇടതുപക്ഷം എന്നും കൊട്ടിഘോഷിക്കുന്ന സദാചാരത്തിന് എതിരല്ലേ ഇതെന്നും എങ്ങനെ ജനങ്ങളോട് മറുപടി പറയുമെന്നും ചെന്നിത്തല ചോദിച്ചു. ആരോപണവിധേയമായ കുറ്റം ചെയ്തിട്ടില്ല എന്ന് ശശീന്ദ്രന്‍ പോലും പറഞ്ഞിട്ടില്ല. എന്നിട്ടും മുഖ്യമന്ത്രി ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്നാണ് പറയുന്നത്. ചാനല്‍ അടച്ചുപൂട്ടണം എന്ന് പറയുമ്പോള്‍ കുറ്റം ചെയ്ത മന്ത്രി മാത്രം എങ്ങനെ കുറ്റവിമുക്തനാകുമെന്നും ചെന്നിത്തല ചോദിച്ചു.

ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് സാംസ്‌കാരിക കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. ശശീന്ദ്രന്‍ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള നീക്കത്തോട് യോജിപ്പില്ലെന്നും അതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഈ സര്‍ക്കാര്‍ വന്നശേഷം മാധ്യമങ്ങള്‍ക്ക് നേരെ തുടരുന്ന വേട്ട അങ്ങേയറ്റം അപഹാസ്യമാണ്. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകരെ അപമാനിക്കാനും കൂച്ചുവിലങ്ങിടാനുമുള്ള നീക്കം ഒരിക്കലും അംഗീകരിക്കാനാവില്ല.

സെക്രട്ടേറിയറ്റിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ കയറേണ്ട എന്ന് ആരാണ് ഉത്തരവ് കൊടുത്തതെന്നും ആരുടെ നിര്‍ദേശ പ്രകാരമാണ് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയതെന്നും അറിയേണ്ടതുണ്ട്. സെക്രട്ടേറിയറ്റിലേക്ക് എല്ലാ കാലത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമുണ്ടായിരുന്നു. അവര്‍ അവിടെ വാര്‍ത്തകള്‍ ശേഖരിക്കാന്‍ എല്ലാ കാലത്തും വന്നിട്ടുണ്ട്. അവിടെ നിന്ന് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയത് ജനാധിപത്യ വിരുദ്ധമായ നടപടിയാണ്. മാധ്യമ സ്വാതന്ത്യത്തിന് നേരെ ഉയര്‍ന്നു വരുന്ന വെല്ലുവിളി അംഗീകരിക്കാനാവില്ല. പ്രതിപക്ഷം അതിനെ ശക്തമായി നേരിടും ചെന്നിത്തല പറഞ്ഞു.