ഇടത് സര്‍ക്കാരിന്റെ കാലത്ത് തന്നെ കേരളത്തില്‍ റീ സര്‍വേ പൂര്‍ത്തിയാക്കും; മാതൃകയാക്കുക ഗുജറാത്ത് രീതി

0
77

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ അധികാരം ഒഴിയും മുന്‍പ് തന്നെ കേരളത്തില്‍ റീ സര്‍വേ നടക്കും. ദശാബ്ദങ്ങളായി മുടങ്ങിക്കിടക്കുന്ന റീ സര്‍വേ പൂര്‍ത്തിയാക്കാന്‍ കേരളം അവലംബിക്കുക ഗുജറാത്ത് രീതിയാകും.

സ്വകാര്യ ഏജൻസിയെ ഏല്പിച്ചാണ് ഗുജറാത്തിൽ അഞ്ചു വർഷം കൊണ്ട് സർവേ പൂർത്തിയാക്കിയത്. കേരളത്തിലും ഗുജറാത്ത് രീതി തന്നെ പിന്തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. അപ്പോള്‍ കേരളത്തിലും റീ സര്‍വേ നടത്താന്‍ സ്വകാര്യ ഏജന്‍സി വരും. സര്‍വേയിലെ ഗുജറാത്ത് രീതി പഠിക്കാന്‍ സര്‍വേ ഡയരക്ടറുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം ഗുജറാത്തില്‍ പോയിരുന്നു.

സർവേ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണൻ ഗുജറാത്തിലുണ്ടായിരുന്നത്. ലാൻ‌ഡ് റവന്യൂ കമ്മിഷണർ എ.ടി.ജെയിംസ് , സർവേ അഡീഷണൽ ഡയറക്ടർ ശോഭന , ഡെപ്യൂട്ടി കളക്ടർ ജയമോഹൻ, കേരള ലാൻഡ് ഇൻഫ‌ർമേഷൻ മിഷൻ പ്രതിനിധി എന്നിവരാണ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഗുജറാത്ത് രീതികള്‍ പഠിക്കാന്‍ സംഘം ആറു ദിവസം ഗുജറാത്തില്‍ ചിലവഴിച്ചു.

ഗുജറാത്ത് രീതികള്‍ സര്‍വേ കാര്യത്തില്‍ പിന്തുടരാന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും എതിര്‍പ്പില്ലാ എന്നാണു സൂചനകള്‍. കേരളത്തില്‍ റീ സര്‍വേ മുടങ്ങിക്കിടക്കുന്നതിനാലാണ് പുതിയ റി സര്‍വേ കാര്യത്തില്‍ കേരളം ഗുജറാത്ത് മാതൃക അവലംബിക്കുന്നത്.

റീ സര്‍വേ കാര്യത്തില്‍ ഗുജറാത്ത്‌ രീതികള്‍ അറിയാന്‍ ഗുജറാത്തില്‍ പോയ കാര്യം സര്‍വേ ഡയരക്ടര്‍ 24 കേരളയോട് സ്ഥിരീകരിച്ചു. പക്ഷെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയില്ല. ഗുജറാത്തില്‍ റീ സര്‍വേയ്ക്ക്‌  അഞ്ചു വര്‍ഷം എടുത്തെങ്കില്‍ കേരളത്തില്‍ അത് മൂന്നു വര്‍ഷം മതിയാകും. മൂന്നു വര്‍ഷം കൊണ്ട് സര്‍വേ പൂര്‍ത്തീകരിക്കാനാണ് സര്‍വേ വകുപ്പിന്റെ പദ്ധതി.

ഗുജറാത്തിന്‍റെ വിസ്തീര്‍ണ്ണം 1,96,000 ചതുരശ്ര കിലോ മീറ്ററാണ്. കേരളത്തിന്റെത് 38,863 ചതുരശ്ര കിലോമീറ്ററും. അതുകൊണ്ടാണ് മൂന്നു വര്‍ഷം കൊണ്ട്സര്‍വേ പൂര്‍ത്തിയാക്കാന്‍ പദ്ധതിയിടുന്നത്. ഏറ്റവും ആധുനികമായ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഗുജറാത്തില്‍ സര്‍വേ നടത്തിയത്. കേരളത്തിലും ഇതേ രീതി തന്നെയാകും പിന്തുടരുന്നത്.

കേരളത്തില്‍ നിലവില്‍ റീ സര്‍വേ നടന്നുവരുന്നുണ്ട്. പക്ഷെ അടുത്തെങ്ങും അത് തീരില്ല. അതിനാല്‍ സ്വകാര്യ ഏജന്‍സി തന്നെ വേണം എന്നാണ് സര്‍വേ വകുപ്പിന്റെ ആവശ്യം. ഗുജറാത്ത് രീതി അതിനായി സര്‍വേ വകുപ്പ് ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.