കുന്നത്തുകാലിലെ ക്വാറിക്ക് സ്റ്റോപ് മെമ്മോ

0
40

തിരുവനന്തപുരം: പാറശ്ശാല കുന്നത്തുകാലിലെ ക്വാറിക്ക് സ്റ്റോപ് മെമ്മോ. പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ കളക്ടര്‍ കെ.വാസുകി നിര്‍ദേശം നല്‍കി. മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് കളക്ടടറുടെ നടപടി. സുരക്ഷാ ക്രമീകരണങ്ങളില്‍ വന്ന വീഴ്ച്ച പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

പഞ്ചായത്ത് അനുമതിയില്ലാതെ അനധികൃതിമായാണ് ക്വാറി പ്രവര്‍ത്തിച്ചത്. പ്രദേശത്തെ മറ്റു ക്വാറികളെക്കുറിച്ചും അന്വേഷണം നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.

പാറമടയിലുണ്ടായ അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മാലക്കുളങ്ങര ബിനില്‍ കുമാറും സേലം സ്വദേശിയായ സതീശും (29)ആണ് മരിച്ചത്.

പാറപൊട്ടിക്കുമ്പോള്‍ താഴെ ജോലിയിലേര്‍പ്പിട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണായിരുന്നു അപകടം. അപകട സമയത്ത് ക്വാറിയിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രത്തിന് മുകളിലേക്കാണ് ഇടിഞ്ഞ പാറയുടെ ഒരു വലിയ ഭാഗം വന്ന് പതിച്ചത്. മണ്ണുമാന്തി യന്ത്രം പൂര്‍ണമായും തകര്‍ന്നു.

മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറായ സതീശ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. എട്ടു പേര്‍ പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിച്ച ശേഷമാണ് ബിനില്‍ കുമാര്‍ മരിച്ചത്. മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 30 ഓളം പേരാണ് അപകട സമയത്ത് പാറമടയില്‍ ജോലിയിലുണ്ടായിരുന്നത്. പാറക്കല്ലുകള്‍ക്കിടയില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. ക്വാറിയില്‍ 20 പേരുണ്ടായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം സ്വദേശി കോട്ടയ്ക്കലില്‍ അലോഷ്യസ് എന്നയാളുടെ ക്വാറിയിലാണ് അപകടം നടന്നത്. ഈ ക്വാറിക്ക് ലൈസന്‍സ് ഇല്ലായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഈ പ്രദേശത്തെ ഒരു പാറമടയ്ക്കും ലൈസന്‍സ് ഇല്ലെന്നാണ് കുന്നത്തുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചത്.