ചിമ്പുവിനെ തമിഴ് സിനിമയില്‍ നിന്ന് വിലക്കി

0
58


തമിഴ് സിനിമയില്‍ നിന്ന് നടന്‍ ചിമ്പുവിനെ വിലക്കിയതായി റിപ്പോര്‍ട്ടുകള്‍. തമിഴ് സിനിമയിലെ പ്രൊഡ്യൂസേഴ്സ് കൗണ്‍സിലാണ് ചിമ്പുവിനെതിരെ നടപടിയെടുത്തിരിക്കുന്നതെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിമ്പുവിന് പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ചുവപ്പ് കാര്‍ഡ് നല്‍കിയെന്നും പ്രശ്നം ഒത്തു തീര്‍ക്കുന്നതുവരെ അഭിനയിക്കാന്‍ സാധിക്കുകയില്ലെന്നും വാര്‍ത്തകളുണ്ട്.

പ്രൊഡൂസേഴ്സ് കൗണ്‍സില്‍ ചിമ്പുവിനെ വിലക്കിയതായുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. എന്നാല്‍ വിലക്കിയിട്ടുണ്ടെങ്കില്‍ മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിന്ന് ചിമ്പു പുറത്താകും.

നേരത്തെ നിര്‍മാതാവ് ജ്ഞാനവേല്‍ രാജ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ചിമ്പുവിന്റെ പേരെടുത്ത് പറയാതെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഒരു സിനിമയുടെ 30% മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളൂ. ആകെ 29 ദിവസം മാത്രമേ അയാള്‍ സെറ്റിലെത്തിയിട്ടുള്ളൂ. എന്നിട്ട് എടുത്ത രംഗങ്ങള്‍ വച്ച് സിനിമ ഇറക്കാനാണ് അയാള്‍ നിര്‍മാതാക്കളോട് ആവശ്യപ്പെടുന്നത്. അതെങ്ങനെ സാധിക്കുമെന്നും അയാള്‍ക്കെതിരെ നടപടി എടുത്തേ മതിയാകൂ എന്നുമായിരുന്നു ജ്ഞാനവേല്‍ രാജയുടെ പ്രതികരണം.