ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളം ഭിക്ഷാടനം നടത്തുന്ന കുട്ടികള്‍ സര്‍വസാധാരണമായ കാഴ്ചയാണ്. ഭിക്ഷാടനം നടത്തുന്നവരുടെ കൈകളില്‍ കാണുന്ന ചെറിയ കുട്ടികള്‍ എപ്പോഴും ഉറങ്ങിക്കിടക്കുന്നതാകും കാണാന്‍ സാധിക്കുക. ഇങ്ങനെ കുട്ടികളെ കാണുമ്പോള്‍ നാം അറിയാതെ ചിന്തിച്ചു പോകില്ലേ. ഈ കുട്ടി എങ്ങനെയാണ് ഭിക്ഷാടനത്തിന് ഇറങ്ങിയതെന്ന്?
ദീപയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
കഴിഞ്ഞ ദിവസം ഡല്‍ഹി മലയാളിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ദീപ മനോജ് അത്തരത്തില്‍ ഒരു വീഡിയോ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. രണ്ടോ മൂന്നോ വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ മടിയില്‍ കിടത്തി ഭിക്ഷ യാചിക്കുന്ന ആണ്‍കുട്ടിയുടെ വീഡിയോ ആണ് ദീപ പുറത്തുവിട്ടത്. പെണ്‍കുട്ടി ഉറങ്ങിക്കിടക്കുകയാണ്. അര്‍ദ്ധനഗ്നയായിട്ടാണ് പെണ്‍കുട്ടി കിടക്കുന്നത്. അവളുടെ ശരീരത്തില്‍ പൊള്ളിച്ചതിന്റെയും മുറിവുകളുടെയും പാടുണ്ടായിരുന്നു. അവളെ കണ്ടപ്പോഴൊക്കെ അവള് ഉറങ്ങുകയായിരുന്നുവെന്നും അതിലുള്ള സംശയവും ദീപ വിവരിക്കുന്നു.