രാജീവ് ചന്ദ്രശേഖര്‍ കായല്‍ കയ്യേറിയെന്ന് വ്യക്തം; സര്‍വേ വകുപ്പ് അനങ്ങുന്നില്ല

0
73

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: രാജീവ്‌ ചന്ദ്രശേഖര്‍ എംപിയുടെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ് കുമരകം പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ കായല്‍-പുറമ്പോക്ക് കയ്യേറ്റങ്ങള്‍ വ്യക്തമാണെന്ന് കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി.സലിമോൻ 24 കേരളയോടു പറഞ്ഞു.

കായല്‍ കയ്യേറ്റത്തില്‍ റിസോര്‍ട്ട് അധികൃതര്‍ പഞ്ചായത്തിനെതിരെ നീങ്ങേണ്ടതില്ല. കാരണം പഞ്ചായത്തിന്റെ ആരോപണമല്ല ഇത്. നിരാമയ റിസോര്‍ട്ട് കായല്‍ കയ്യേറ്റവും പുറമ്പോക്ക് കയ്യേറ്റവും നടത്തി എന്ന് പഞ്ചായത്തിന് റിപ്പോര്‍ട്ട് തരുന്നത് തഹസില്‍ദാറാണ്. തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് പഞ്ചായത്ത് നീങ്ങിയത്. ഹൈക്കോടതി നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് പഞ്ചായത്തിനു നല്‍കിയത്-എ.പി.സലിമോൻ പറഞ്ഞു.

പുറമ്പോക്കും തണ്ണീര്‍ത്തടങ്ങളും അന്യാധീനപ്പെടരുതെന്നും സ്ഥലം വീണ്ടെടുക്കണമെന്നും തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കുന്നത്. ആ റിപ്പോര്‍ട്ട് പഞ്ചായത്തിന് ലഭിക്കുന്നത് നവംബര്‍ മാസമാണ്. ഹൈക്കോടതി ഉത്തരവിന്റെ കോപ്പി ആ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരുന്നില്ല.

റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍  പഞ്ചായത്ത് നിയമോപദേശം തേടി. കയ്യേറ്റം അടയാളപ്പെടുത്തണം. വസ്തു അളന്നു തിട്ടപ്പെടുത്തേണ്ടത് റവന്യൂ വകുപ്പാണ്. അതുകൊണ്ട് തന്നെ സര്‍വേയര്‍ക്ക് ഞങ്ങള്‍ കത്ത് നല്‍കി. തഹസില്‍ദാറുടെ കയ്യേറ്റത്തില്‍ പറയുന്ന ഭൂമി എവിടെയാണെന്നും, കയ്യേറിയ ഭൂമി അളന്നു തിരിച്ച് പഞ്ചായത്തിന് റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ട് സര്‍വേയര്‍ക്ക് കത്തെഴുതി-സലിമോൻ പറഞ്ഞു.

പക്ഷെ സര്‍വേ വകുപ്പ് അനങ്ങിയിട്ടില്ല. സ്ഥലം അളന്നു അവര്‍ ഇതുവരെ റിപ്പോര്‍ട്ട് കൈമാറിയിട്ടില്ല. കയ്യേറിയ സ്ഥലം സര്‍വേ വകുപ്പ് വന്നു അളന്നു പോയിട്ടുണ്ട്. പക്ഷേ റിപ്പോര്‍ട്ട് കൈമാറിയിട്ടില്ല. സര്‍വേ വകുപ്പിന്റെ ആ റിപ്പോര്‍ട്ടിനാണ് പഞ്ചായത്ത് കാത്തുനില്‍ക്കുന്നത്. തുടര്‍ നടപടി സ്വീകരിക്കാന്‍ സര്‍വേ വകുപ്പിന്റെ റിപ്പോര്‍ട്ട് പഞ്ചായത്തിന് ലഭിക്കണം. അതുകൊണ്ട് തന്നെയാണ് ഈ വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്-സലിമോന്‍ പറയുന്നു.

കയ്യേറിയ പുറമ്പോക്ക് ഭൂമി നിരാമയ റിസോര്‍ട്ടിന് അകത്താണ് ഉള്ളത്. ആ ഭൂമി റിസോര്‍ട്ട് അധികൃതര്‍ കല്ലിട്ട് തിരിച്ച് പഞ്ചായത്തിന് കൈമാറണം. കാരണം കയ്യേറിയ  ഭൂമി പുറമ്പോക്ക് ഭൂമിയാണ്‌. നേരേമട തോട് കയ്യേറ്റവും വേമ്പനാട് കായല്‍ കയ്യേറ്റവും ഇതിനൊപ്പം തന്നെ റിസോര്‍ട്ട് അധികൃതര്‍ നടത്തിയിട്ടുണ്ട്. ഇതെല്ലാം തഹസില്‍ദാറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

ബ്ലോക്ക് നമ്പര്‍ പത്തില്‍ റീ സര്‍വേ 302/1 ല്‍ പ്പെട്ട 02 ആര്‍ പതിനാറ് ചതുരശ്രമീറ്റര്‍ തോട് പുറമ്പോക്ക്, ബ്ലോക്ക് നമ്പര്‍ 11-ല്‍ പ്പെട്ട വേമ്പനാട്ട് കായല്‍ പുറമ്പോക്കില്‍ നിന്നും 0.44 ചതുരശ്രമീറ്റര്‍, മറ്റൊരു സര്‍വേ നമ്പറില്‍പ്പെട്ട 0.54 ചതുരശ്രമീറ്റര്‍ സ്ഥലം എന്നിവയാണ് ഇവര്‍ കയ്യേറിയത്. റിസോര്‍ട്ടിന്റെ മാലിന്യ സംസ്ക്കരണ പ്ലാന്റിനെക്കുറിച്ചും പരാതിയുണ്ട്. റിസോര്‍ട്ട് മാലിന്യം വേമ്പനാട്ട് കായലിലേക്ക് തള്ളുന്നു എന്നും പരാതിയുണ്ട്-സലിമോന്‍ പറഞ്ഞു.

ഇന്നലെ നിരാമയ റിസോര്‍ട്ടിന് നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം അക്രമാസക്തമാകുകയും റിസോര്‍ട്ടിനു നേരെ ആക്രമണം നടക്കുകയും ചെയ്തിരുന്നു. കായല്‍ കയ്യേറ്റങ്ങളും മലിനീകരണങ്ങളും വ്യാപകമാകുമ്പോള്‍ ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്ന അവസ്ഥ വേമ്പനാടിന്റെ തീരത്ത്‌ നിലനില്‍ക്കുന്നു എന്ന സൂചനയാണ് ഇന്നലെത്തെ നിരാമയാ റിസോര്‍ട്ട് ആക്രമണം നല്‍കുന്നത്. പക്ഷേ കയ്യേറ്റം നടത്തിയിട്ടില്ലാ എന്ന നിലപാടിലാണ് റിസോര്‍ട്ട് അധികൃതര്‍.

പ്രചാരണം അടിസ്ഥാനരഹിതമാണെന്ന വാദമാണ് റിസോര്‍ട്ട് അധികൃതര്‍ നിരത്തുന്നത്. കായല്‍ കയ്യേറ്റ-നിലം നികത്തല്‍ ആരോപണങ്ങളില്‍ കുടുങ്ങി രാജിവെച്ച മുന്‍ ഗതാഗതമന്ത്രി തോമസ്‌ ചാണ്ടിയും നിലം നികത്തിയില്ലാ, കായല്‍ കയ്യേറ്റങ്ങള്‍ നടത്തിയിട്ടില്ല എന്ന വാദമാണ് ഉന്നയിച്ചത്. പക്ഷെ കയ്യേറ്റങ്ങള്‍ സ്ഥിരീകരിച്ച് ആലപ്പുഴ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കുകയും ഹൈക്കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതോടെയാണ് മന്ത്രി സ്ഥാനം തോമസ്‌ ചാണ്ടിക്ക് രാജിവെക്കേണ്ടി വന്നത്.

കായല്‍ കയ്യേറ്റങ്ങളും കായല്‍ മലിനീകരണവും ഭൂമി കയ്യേറ്റവും വ്യാപകമാണ്. റാംസർ സൈറ്റിൽ ഉൾപ്പെടുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഭാഗമാണ് വേമ്പനാട് കായല്‍ പ്രദേശങ്ങള്‍. വേമ്പനാട് കായല്‍ കയ്യേറ്റ പ്രശ്നങ്ങളിലേക്ക് കേരളത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുകയാണ് നിരാമയാ റിസോര്‍ട്ട് നടത്തിയ വേമ്പനാട് കയ്യേറ്റം.