വയനാട്ടില്‍ ആയുധ സഹിതം മാവോയിസ്റ്റുകളെന്ന് പൊലീസ്; കനത്ത സുരക്ഷ

0
62

എം.മനോജ് കുമാര്‍

തിരുവനന്തപുരം: വയനാടില്‍ മാവോയിസ്റ്റ് സാന്നിധ്യം പ്രകടമാണെന്ന് വയനാട് എസ്പി അരുള്‍.ബി.കൃഷ്ണ 24 കേരളയോട് പ്രതികരിച്ചു. നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലിന് ഒരു വര്‍ഷം തികയുന്ന ഇന്നു മലപ്പുറവും വയനാടും മാവോയിസ്റ്റ് ഭീതിയില്‍ തുടരവേയാണ് വയനാട് എസ്പിയുടെ പ്രതികരണം.

തലപ്പുഴ പൊലീസ് സ്റ്റേഷന്‍ , തിരുനെല്ലി പൊലീസ് സ്റ്റേഷന്‍ പരിധികളിലെ ഫോറസ്റ്റ് ഏരിയകളിലാണ് മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടത്. ആയുധ സഹിതമാണ് മാവോയിസ്റ്റുകള്‍ വയനാട്ടിലുള്ളത്. ആദിവാസികളും ഫോറസ്റ്റ് ഏരിയകളിലെ താമസക്കാരും ഇവരെ കണ്ടിട്ടുണ്ട്.

ഫോറസ്റ്റ് അല്ല, പൊലീസ് അല്ല. പിന്നെ കാട്ടില്‍ യൂണിഫോം ധരിച്ച് നീങ്ങുന്നവര്‍ മാവോയിസ്റ്റ് അല്ലാതെ വേറെ ആരുമല്ല. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച ഇടങ്ങളിലെല്ലാം പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുമുണ്ട്- എസ്‌പി അരുള്‍.ബി.കൃഷ്ണ പറഞ്ഞു.

കനത്ത കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. നിലമ്പൂര്‍ ഏറ്റുമുട്ടലിന് ഒരു വര്‍ഷം തികയുന്ന വേളയില്‍ മാവോയിസ്റ്റുകള്‍ തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുള്ളത്.

നിലമ്പൂരിലെ കരുളായി വനമേഖലയില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയുമാണ് കഴിഞ്ഞ നവംബര്‍ 24ന് വധിക്കപ്പെട്ടത്. നിലമ്പൂരിലേയും വയനാട്ടിലേയും പല പൊലീസ് സ്റ്റെഷനിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വയനാട്ടില്‍ പുല്‍പ്പളളി, തിരുനെല്ലി, കേണിച്ചിറ, വെളളമുണ്ട പൊലീസ് സ്‌റ്റേഷനുകള്‍ കനത്ത സുരക്ഷയിലാണ്.

മലപ്പുറത്ത് നിലമ്പൂര്‍, പൂക്കോട്ടുംപാടം, വഴിക്കടവ്, എടക്കര പോത്തുകല്‍, കരുവാരകുണ്ട്, കാളികാവ് സ്റ്റേഷനുകളില്‍ സുരക്ഷ അധികമാക്കിയിട്ടുണ്ട്. മാവോവാദി നേതാവ് ചന്ദ്രു വയനാട്ടില്‍ തങ്ങുന്നതായി വയനാട് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പക്ഷെ ചന്ദ്രുവിനെയും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

കേരള-തമിഴ്നാട്-കര്‍ണ്ണാടക ഉള്‍പ്പെട്ട സംസ്ഥാനങ്ങള്‍ കേന്ദ്രമാക്കി മാവോയിസ്റ്റുകള്‍ ട്രൈ ജംഗ്ഷന്‍ രൂപീകരിച്ചിട്ടുണ്ട്. കേരളാ ബോര്‍ഡര്‍ ആണ് മാവോയിസ്റ്റുകള്‍ തങ്ങാന്‍ കൂടുതല്‍ തിരഞ്ഞെടുക്കുന്ന സ്ഥലം.  തമിഴ്നാട്-കര്‍ണ്ണാടക ഭാഗങ്ങളിലേക്ക് നീങ്ങാന്‍ കൂടുതല്‍ എളുപ്പം കേരളാ അതിര്‍ത്തി വനങ്ങളാണ്. ഇതാണ് കേരളത്തിലെ കാടുകളില്‍ മാവോയിസ്റ്റുകള്‍ കൂടുതല്‍ തങ്ങാന്‍ ഇടയാക്കുന്നത്.

നിലമ്പൂര്‍ ആക്രമണത്തിനു തിരിച്ചടി നല്‍കാനുള്ള ഉത്തരവാദിത്തം കൂടി പുതുതായി രൂപീകരിച്ച മാവോയിസ്റ്റ്  ദളത്തിനു നല്‍കി എന്നാണു റിപ്പോര്‍ട്ടുകള്‍. കേരളത്തിൽ മാവോയിസ്റ്റ് ആക്രമണത്തിനു സാധ്യതയുണ്ടെന്നു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ മുന്നറിയിപ്പും നിലവിലുണ്ട്.