എംആര്‍ വാക്‌സിന്‍ കുത്തിവെപ്പ്: കാലാവധി ഡിസംബര്‍ ഒന്നുവരെ നീട്ടി

0
78

Related image
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന എംആര്‍ പ്രതിരോധ വാക്സിന്‍ കുത്തിവെയ്പ്പിന്റെ കാലാവധി ഡിസംബര്‍ ഒന്ന് വരെയായി നീട്ടി. കുത്തിവെയ്പ്പ് ഇന്ന് അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. നേരത്തെ രണ്ട് തവണ പ്രതിരോധ കുത്തിവെയ്പ്പിനുള്ള സമയപരിധി നീട്ടിയിരുന്നു.

ഒമ്പത് മാസം മുതല്‍ 15 വയസ് വരെ പ്രായമുള്ള 76 ലക്ഷം കുട്ടികള്‍ക്ക് കുത്തിവെയ്പ്പ് നല്‍കാനായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ 61 ലക്ഷം കുട്ടികള്‍ക്ക് മാത്രമാണ് ഇതുവരെ കുത്തിവെയ്പ്പ് നല്‍കാനായിട്ടുള്ളത്. സര്‍ക്കാര്‍ ലക്ഷ്യം ഫലം കാണാത്തതോടെയാണ് പ്രതിരോധ കുത്തിവെയ്പ്പിനുള്ള സമയപരിധി വീണ്ടും നീട്ടിയിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ 90 ശതമാണം കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി പ്രതീക്ഷിച്ച നേട്ടം കൈവരിച്ചു. അതേസമയം, സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് പ്രചരണം നടത്തിയിട്ടും മലപ്പുറം ജില്ലയില്‍ വാക്‌സിന്‍ യജ്ഞം പരാജയപ്പെട്ടു. ഇതുവരെ 62 ശതമാനം കുട്ടികള്‍ മാത്രമാണ് മലപ്പുറം ജില്ലയില്‍ കുത്തിവയ്പ്പ് എടുത്തിട്ടുള്ളത്. കൂടാതെ മലപ്പുറത്തോടൊപ്പം കണ്ണൂര്‍, പാലക്കാട്, കാസര്‍കോട്, വയനാട് ജില്ലകളിലെ കണക്കുകളും വളരെയധികം പിന്നിലാണ്. ഈ ജില്ലകളില്‍ വാക്‌സിനേഷനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതാണ് ക്യാമ്പയിന് തിരിച്ചടിയായത്.