കുറിഞ്ഞി ഉദ്യാനം: കൈയേറ്റങ്ങള്‍ സംരക്ഷിക്കരുതെന്ന് വി.എസ് 

0
39

Related image
തിരുവനന്തപുരം: ജനങ്ങളുടെ ആശങ്കയുടെ പേരില്‍ കൈയേറ്റം സംരക്ഷിക്കരുതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണമെന്നും ഉദ്യാനത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും അദ്ദേഹം കത്ത് നല്‍കി.

കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം. ഏത് ആശങ്കയുടെ പേരിലാണെങ്കിലും കൈയേറ്റങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കരുത്. കുറിഞ്ഞി ഉദ്യാനത്തിന്റെ സംരക്ഷണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകരുതെന്നും സങ്കേതത്തിന്റെ വിസ്തൃതി കുറയ്ക്കരുതെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു.

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ മന്ത്രി എം.എം.മണിയടക്കമുള്ള മൂന്നംഗ മന്ത്രിതല സമിതിയെ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി വി.എസ് കത്ത് നല്‍കിയത്. വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇടുക്കിയില്‍ 3200 ഹെക്ടറില്‍ കുറിഞ്ഞി ദേശീയോദ്യാനം പ്രഖ്യാപിച്ചത്.

അതേസമയം, കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ വി.എസ് നിലപാട് വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.