ഡല്‍ഹിയില്‍ ഹാദിയ കേരളാ ഹൗസില്‍ തങ്ങും; യാത്ര പൊലീസ് സംരക്ഷണത്തില്‍

0
35

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഡല്‍ഹിയിലെത്തുന്ന ഹാദിയയെയും കുടുംബത്തെയും കേരളാ ഹൗസില്‍ താമസിപ്പിക്കും. കേരളാ ഹൗസിലെ നാല് മുറികള്‍ ഇവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. പ്രത്യേക സുരക്ഷയും കേരളാ ഹൗസിന് നല്‍കും. പൊലീസ് സംരക്ഷണത്തിലാണ് ഹാദിയയുടെ ഡല്‍ഹി യാത്ര.

27ന് മൂന്നുമണിക്ക് ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കാനാണ് അച്ഛന്‍ അശോകനോട് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരായി ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹാദിയയെ ഹാജരാക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം.

നെടുമ്പാശേരിയില്‍ നിന്ന് വിമാനമാര്‍ഗമാണ് ഹാദിയ ഡല്‍ഹിക്ക് പുറപ്പെടുന്നത്. സുരക്ഷയ്ക്കായി ഒരു സിഐയുടെ നേതൃത്വത്തില്‍ പൊലീസും ഒപ്പമുണ്ടാകും. കഴിഞ്ഞദിവസം ഉന്നത പൊലീസുദ്യോഗസ്ഥരും എന്‍ഐഎ ഉദ്യോഗസ്ഥരും വീട്ടിലെത്തിയിരുന്നു. ഹാദിയ താമസിക്കുന്ന വീടിനു കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഹാദിയക്കുള്ള സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ തുടരണം. സമൂഹത്തിന്റെ വികാരമനുസരിച്ച് കോടതിക്ക് തീരുമാനമെടുക്കാനാവില്ല. കുറ്റവാളിയെ വിവാഹം കഴിച്ചാല്‍ പോലും നിയമപരമായി തടയാന്‍ കോടതിക്കാവില്ല. ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷം അച്ഛന്റെയും എന്‍ഐഎയുടെയും ഭാഗം കേള്‍ക്കും. ഇതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നുമാണ് കോടതി വ്യക്തമാക്കിയത്. ഹാദിയയുടേത് ‘സൈക്കോളജിക്കല്‍ കിഡ്നാപ്പിംഗ്’ ആണെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചിരുന്നു.