കൊട്ടാക്കമ്പൂരിലെ 58ാം നമ്പര്‍ ബ്ലോക്കിലെ മൂന്നൂറ് ഏക്കറില്‍ വളര്‍ന്ന നീലക്കുറിഞ്ഞി ചെടികള്‍ ഭൂമാഫിയ തീയിട്ടു നശിപ്പിച്ചു. 58ാം നമ്പര്‍ ബ്ലോക്കിന്റെ അതിര്‍ത്തിയായ ജണ്ടപ്പാറവരെയുള്ള 300 ഏക്കറാണ് കത്തിച്ചത്. കുറിഞ്ഞിമല ഉദ്യാനത്തിന്റെ സുപ്രധാന ഭാഗങ്ങളിലൊന്നാണിവിടം.
എന്നാല്‍ കാട്ടുതീയെന്ന പേരില്‍ സംഭവം ഒതുക്കി തീര്‍ക്കാനാണ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചതെന്നാണ് സംഭവത്തില്‍ ഉയരുന്ന ആരോപണം. സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും വനംവകുപ്പ് യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഇതേ വൈല്‍ഡ് ലൈഫ് വാര്ഡന് തന്നെയാണ് ഭൂമാഫിയയുടെ കൈവശമിരിക്കുന്ന ഭൂമി കുറിഞ്ഞി ഉദ്യാനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടത്.
കുറിഞ്ഞിച്ചെടികളുടെ വളര്‍ച്ച പ്രതിരോധിക്കാന്‍ ഭൂമാഫിയ ഗ്രാന്‍ഡിസ് മരങ്ങള്‍ നട്ടുവളര്‍ത്തിയതും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്. ഷോല ദേശീയോദ്യാനം മുതല്‍ ജണ്ടപ്പാറ വരെ ഭൂമാഫിയ വ്യാപകമായി ഗ്രാന്‍ഡിസ് നട്ടുവളര്‍ത്തി. കുറിഞ്ഞിച്ചെടികള്‍ നശിപ്പിച്ചാല്‍ പ്രദേശം കുറിഞ്ഞിമല ഉദ്യാനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാമെന്ന തന്ത്രമാണ് ഭൂമാഫിയ പയറ്റുന്നത്. ഉദ്യാനത്തിന്റെ സംരക്ഷണ ചുമതലയുള്ള വനംവകുപ്പിന്റെ അകമഴിഞ്ഞ പിന്തുണയും ഭൂമാഫിയയ്ക്കുണ്ട്.