മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിലാണ് യഥാര്‍ത്ഥ യുദ്ധമെന്ന് ചെന്നിത്തല

0
33

പത്തനംതിട്ട: റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യനും തമ്മിലുള്ള യുദ്ധം യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിലുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്തനംതിട്ട ജില്ലയില്‍ പടയൊരുക്കം പ്രചാരണജാഥയുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.എച്ച്.കുര്യനെ റവന്യൂ മന്ത്രിക്ക് മൂക്കുകയറിടാനാണ് നിയമിച്ചിരിക്കുന്നത്. കുര്യന്റെ പ്രവര്‍ത്തനം മുഖ്യമന്ത്രിയുടെ മനസ്സ് അറിഞ്ഞുകൊണ്ടാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ മന്ത്രി അറിയാതെ മൂന്നാറില്‍ യോഗം വിളിപ്പിച്ചത്. സെക്രട്ടറിയെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയാത്ത റവന്യൂ മന്ത്രിയോട് സഹതാപമാണുള്ളത്. കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിനു വേണ്ടി കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാന്‍ മുഖ്യമന്ത്രി റവന്യൂ സെക്രട്ടറിയെ ഫലപ്രദമായി ഉപയോഗിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

മൂന്നാറിലെ കയ്യേറ്റക്കാരെയും നിയമലംഘകരെയും സംരക്ഷിക്കാനാണ് മന്ത്രിതല സന്ദര്‍ശനം. തോമസ് ചാണ്ടിയെയും ജോയ്സ് ജോര്‍ജിനെയും പി.വി.അന്‍വറിനെയും സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് ശക്തമായി ഇടപെടും. ഡിസംബര്‍ ആറാം തീയതി യുഡിഎഫ് പ്രതിനിധി സംഘം പ്രദേശത്ത് സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഭരണം സ്തംഭനാവസ്ഥയിലാണ്. ഇടതുമുന്നണി കലഹമുന്നണിയായി മാറിക്കഴിഞ്ഞെന്നും ഇടതുമുന്നണിയുടെ കെട്ടുറപ്പ് മുഴുവനായും നഷ്ടപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.