സാക്ഷികളുടെ മൊഴി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട; അന്വേഷണസംഘം കോടതിയിലേക്ക്

0
47

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളുടെ മൊഴി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാതിരിക്കാന്‍ അന്വേഷണസംഘം കോടതിയെ സമീപിക്കും. സാക്ഷികളുടെ മൊഴി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചാല്‍ സാക്ഷികള്‍ കോടതിയില്‍ വരാന്‍ വൈമനസ്യം കാണിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.അടുത്ത ദിവസം തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് ദിലീപിനെ എട്ടാം പ്രതിയാക്കികൊണ്ടുള്ള അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിക്കുന്നത്. ദിലീപുള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കെതിരായ കുറ്റപത്രമാണ് സമര്‍പ്പിച്ചിരുന്നത്.650 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 450 ലധികം രേഖകളാണുള്ളത്. 355 സാക്ഷികളും. നടി മഞ്ജുവാര്യര്‍ ഉള്‍പ്പെടെ സിനിമാ മേഖലയില്‍ നിന്ന് 50 സാക്ഷികളാണ് ഉള്ളത്. രണ്ട് മാപ്പ് സാക്ഷികളും കേസിലുണ്ട്. ജയിലില്‍നിന്നും പള്‍സര്‍ സുനിക്ക് കത്തെഴുതി നല്‍കിയ വിപിന്‍ലാലും ദിലീപിനെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച പൊലീസുകാരന്‍ അനീഷുമാണ് മാപ്പ് സാക്ഷികള്‍. 22 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

കൂട്ടബലാത്സംഗം അടക്കം 17 കുറ്റങ്ങളാണ് എട്ടാം പ്രതിയായ ദിലീപിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കേസില്‍ ഗൂഢാലോചന നടത്തിയത് ദിലീപും പള്‍സര്‍ സുനിയും മാത്രമാണെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്തിമ കുറ്റപത്രത്തില്‍ ദിലീപ് അടക്കം 12 പ്രതികളുണ്ട്.