അഴിമതിയില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിനെപ്പോലെതന്നെയാണെന്ന് അരവിന്ദ് കെജ്‌രിവാള്‍

0
35

ന്യൂഡല്‍ഹി: അഴിമതിയില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിനെപ്പോലെതന്നെയാണെന്ന് അരവിന്ദ് കെജ്‌രിവാള്‍. എഎപിയുടെ അഞ്ചാം വാര്‍ഷികത്തില്‍ ഡല്‍ഹി രാംലീല മൈതാനത്ത് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന് സംഭവിച്ചതുതന്നെ ബിജെപിക്കും സംഭവിക്കുമെന്നും അവരുടെ സമയം ഉടന്‍തന്നെ വരുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാപം, റാഫേല്‍ അഴിമതികള്‍, ബിര്‍ല, സഹാറ ഡയറികള്‍ ഇതാണ് വ്യക്തമാക്കുന്നത്. ഇവിടെ ജഡ്ജിമാര്‍ക്കുപോലും സുരക്ഷിതത്വമില്ലെന്നും കെജ്‌രിവാള്‍ ആരോപിച്ചു. നിങ്ങള്‍ കോണ്‍ഗ്രസിനെ പിഴുതെറിഞ്ഞതുപോലെ ബിജെപിയുടെ സമയവും അടുത്തുകഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി ആക്രമിച്ചാണ് കെജ്‌രിവാള്‍ പ്രസംഗം ആരംഭിച്ചത്. എഎപിയുടെ അഞ്ചാം വാര്‍ഷികം ആഘോഷിക്കാന്‍ ആയിരങ്ങളാണ് രാംലീല മൈതാനത്ത് എത്തിച്ചേര്‍ന്നത്. കെജ്‌രിവാളിന് പുറമെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, അശുതോഷ്, ഗോപാല്‍ റായ്, കുമാര്‍ വിശ്വാസ്, അതിഷി മര്‍ലെന തുടങ്ങി നിരവധി നേതാക്കളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുക്കാനെത്തി.