രാഷ്ട്രീയ പാര്‍ട്ടി പദവിയില്‍ നിന്ന് സിപിഎമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

0
44


ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടി എന്ന പദവിയില്‍ നിന്നു സിപിഎമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഹര്‍ജി. ഡല്‍ഹി ഹൈക്കോടതിയിലാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. ജോജോ ജോസ് എന്നയാളാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയതെന്നു ദേശീയ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ 1989 സെപ്തംബറില്‍ സിപിഎമ്മിനു നല്‍കിയ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വാദം കേള്‍ക്കാനായി അടുത്ത മാര്‍ച്ച് 28-ലേക്കു മാറ്റി. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി.ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി സ്വീകരിച്ചത്.

ഹര്‍ജിക്കാരന്‍ ഇതേ ആവശ്യവുമായി നല്‍കിയ അപേക്ഷ 2016 ഓഗസ്റ്റില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്‍ അപേക്ഷയിലെ വാദന്യായങ്ങള്‍ പരിഗണിക്കാതെയാണു അതു തള്ളിയതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. സിപിഎം രജിസ്‌ട്രേഷന്‍ നേടിയത് വ്യാജ രേഖകള്‍ കാട്ടിയും തെറ്റായ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

സിപിഎമ്മിന്റെ പ്രധാന ലക്ഷ്യം തന്നെ ഭരണഘടനാവിരുദ്ധമാണ്. പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത് തന്നെ നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായാണ്. ഇന്ത്യന്‍ ഭരണഘടനയുമായി സിപിഎമ്മിന്റെ ഭരണഘടന കൂറു പുലര്‍ത്തുന്നില്ലെന്നും ഹര്‍ജിയില്‍ വാദിക്കുന്നു. പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായി സിപിഎം നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ പറയുന്നു.