റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യനെ മാറ്റാത്ത മുഖ്യമന്ത്രിയുടെ നിലപാടില്‍ സിപിഐയില്‍ അമര്‍ഷം പുകയുന്നു

0
56

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: റവന്യൂ മന്ത്രിഇ.ചന്ദ്രശേഖരന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും എഴുതി നല്‍കിയിട്ടും റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യനെ മാറ്റാത്ത മുഖ്യമന്ത്രിയുടെ നിലപാടില്‍ സിപിഐയില്‍ അമര്‍ഷം പുകയുന്നു. ഇത് പാര്‍ട്ടി ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യുന്നു എന്നാണു സിപിഐയില്‍ നിന്നും വരുന്ന സൂചനകള്‍.

റവന്യൂ സെക്രട്ടറിയെ മാറ്റാന്‍ മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യമുന്നയിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ
മാറ്റാതെ റവന്യൂ മന്ത്രിക്ക് മുന്നോട്ട് പോവുക പ്രയാസമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റവന്യൂ മന്ത്രിക്ക് തന്നെ വിലയില്ലാത്ത അവസ്ഥ നിലവില്‍ ഈ പ്രശ്നത്തില്‍ വന്നിട്ടുമുണ്ട്.

മന്ത്രിയെന്ന നിലയില്‍ പറയുന്നത് നടപ്പാക്കാന്‍ കഴിയാത്തത് റവന്യൂ മന്ത്രിക്ക് തിരിച്ചടിയാണ്. നടപ്പിലാക്കാന്‍ സാധിക്കാത്തത് പറയരുത്. പറഞ്ഞാലും അത് പരസ്യമാക്കരുത്. ഇവിടെ പറയുകയും പരസ്യമാക്കുകയും ചെയ്തിട്ടുണ്ട്. റവന്യൂ മന്ത്രി അറിയാതെ റവന്യൂ വകുപ്പില്‍ നിന്ന്‌ തീരുമാനം വരുന്നു എന്ന തോന്നല്‍ റവന്യൂ സെക്രട്ടറിയുടെ നടപടികള്‍ മൂലം ഉണ്ടായിട്ടുണ്ട്.

റവന്യൂ വകുപ്പിന്റെ നായകന്‍ റവന്യൂ സെക്രട്ടറിയാണ്‌ എന്ന തോന്നല്‍ സൃഷ്ടിക്കപ്പെട്ടത് റവന്യൂമന്ത്രിക്ക് ക്ഷീണമാണ്. റവന്യൂ സെക്രട്ടറിയെ തീരുമാനിക്കുന്നത് കാബിനെറ്റ്‌ ആണ്. കാബിനെറ്റ്‌ തീരുമാനം വഴിയാണ് റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യന്‍ തുടരുന്നത്. കുര്യനെ മാറ്റണമെങ്കില്‍ ആ തീരുമാനവും കാബിനെറ്റില്‍ നിന്നും വരണം.

തീരുമാനം  കാബിനെറ്റില്‍ നിന്നും വരുന്നുമില്ല. അതില്‍ നിന്ന് മനസിലാകുന്നത് റവന്യൂ സെക്രട്ടറിയെ മാറ്റാന്‍ ഉദ്ദേശ്യമില്ലായെന്നാണ്. ഈ സാഹചര്യത്തിലാണ് പി.എച്ച്.കുര്യന്‍ തന്നെ തുടരുന്നത് പാര്‍ട്ടിക്ക് നാണക്കേടാണ് എന്ന തീരുമാനത്തിലേക്ക് സിപിഐയും നീങ്ങുന്നത്. റവന്യൂ മന്ത്രി തള്ളിക്കളഞ്ഞ റവന്യൂ സെക്രട്ടറി തത്സ്ഥാനത്ത്‌ തുടരുന്നത് റവന്യൂ വകുപ്പിലും ഭരണക്കുരുക്ക് സൃഷ്ടിക്കും.

കുര്യന്‍ റവന്യൂ സെക്രട്ടറിയായി തുടരുന്നത് റവന്യൂമന്ത്രിയ്ക്ക് നാണക്കേടാണ്. റവന്യൂ മന്ത്രി റവന്യൂ സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടതും മുഖ്യമന്ത്രിക്ക് എഴുതി നല്കിയതും പരസ്യമായ കാര്യമാണ്. എന്നിട്ടും ആ കാര്യത്തില്‍ ഒരു നടപടിയും വരാത്തതാണ് മന്ത്രിയെന്ന നിലയില്‍ ഇ.ചന്ദ്രശേഖരന് പ്രതിബന്ധം സൃഷ്ടിക്കുന്നത്.

പ്രതിസന്ധി ഘട്ടത്തില്‍ സിപിഎം നയത്തിന് അനുകൂല തീരുമാനമെടുത്ത് നിലയുറപ്പിച്ച റവന്യൂ സെക്രട്ടറിയെ പെട്ടെന്ന് മാറ്റുന്നത് മുഖ്യമന്ത്രിക്കും തിരിച്ചടിയായി വിലയിരുത്തപ്പെടും. ഒപ്പം നിന്ന വകുപ്പ് സെക്രട്ടറിയെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലാ എന്നതും  പ്രതിസന്ധി സൃഷ്ടിക്കും. മൂന്നാര്‍ കയ്യേറ്റ പ്രശ്നം, കുറിഞ്ഞി ഉദ്യാന പ്രശ്നം എന്നീ കാര്യങ്ങളില്‍ എതിര്‍ നിലപാട് സ്വീകരിച്ചതോടെയാണ് റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യന്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ കണ്ണിലെ കരടാകുന്നത്.

മൂന്നാര്‍ കയ്യേറ്റ കാര്യത്തില്‍ സിപിഎം അനുകൂല നിലപാട് സ്വീകരിച്ച കുര്യന്‍ കുറിഞ്ഞി ഉദ്യാന പ്രശ്നത്തില്‍ ഉദ്യാന ഭൂ വിസ്തൃതി കുറയും എന്ന് ഉന്നത തലയോഗത്തില്‍ അഭിപ്രായ പ്രകടനം നടത്തുകയും ചെയ്തു.

കുറിഞ്ഞി വിവാദം സംബന്ധിച്ച യോഗത്തില്‍ റവന്യൂ സെക്രട്ടറിയുടെ നിലപാട് മന്ത്രി ചന്ദ്രശേഖരന്‍ തള്ളിക്കളഞ്ഞെങ്കിലും ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ സ്ഥാനം പിടിച്ചത് കുറിഞ്ഞി ഭൂ വിസ്തൃതി കുറയും എന്ന റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യന്റെ അഭിപ്രായ പ്രകടനത്തിനായിരുന്നു. ഇതും റവന്യൂ മന്ത്രിയും റവന്യൂ സെക്രട്ടറിയും തമ്മിലുള്ള അകല്‍ച്ചയുടെ ആഴം കൂട്ടി.

സിപിഎമ്മും സിപിഐയും തമ്മില്‍ രാഷ്ട്രീയ ഭിന്നത രൂക്ഷമായിരിക്കെയാണ് റവന്യൂ മന്ത്രിയുടെ ആവശ്യം നടപ്പിലാകാതിരിക്കുന്നത്. അസാധാരണമായ പ്രതിസന്ധി തന്നെ ഈ പ്രശ്നം റവന്യൂ വകുപ്പിലും സര്‍ക്കാരിന് മുന്നിലും സൃഷ്ടിച്ചിരിക്കുന്നു. അതേസമയം റവന്യൂ വകുപ്പും ലോ സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും മറനീക്കി പുറത്തു വരുന്നുണ്ട്. മലപ്പുറം നിലമ്പൂരിലെ 3595 ഏക്കർ കേരള എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശത്തിലുള്ള തർക്കത്തിൽ നിയമ സെക്രട്ടറിയുടെ ഉപദേശം റവന്യൂ വകുപ്പ് തള്ളിയിട്ടുണ്ട്.

കേരള എസ്റ്റേറ്റിന്റെ കരമടയ്ക്കുന്നത് തടഞ്ഞ വില്ലേജ് ഓഫീസറുടെ നടപടിക്കെതിരെ എസ്റ്റേറ്റ് ഉടമ എം.സി.ജോ‌ർജ് നൽകിയ കേസിലാണ് നിയമ സെക്രട്ടറിയുടെ ഉപദേശം റവന്യൂ വകുപ്പ് തള്ളിയത്. ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച പല നിയമ നിര്‍മാണങ്ങളും നിയമവകുപ്പ് പിടിച്ചുവച്ചിരിക്കുകയാണെന്ന പരാതിയും റവന്യൂ വകുപ്പിനുണ്ട്.