ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഭീകര പ്രത്യാഘാതമുണ്ടാകുമെന്ന് പാകിസ്ഥാനോട് അമേരിക്ക

0
36


വാഷിംഗ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കനത്ത പ്രത്യാഘാതമുണ്ടാക്കുമെന്ന് പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്. ഹാഫിസിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായേക്കുമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് വൈറ്റ് ഹൗസ് ഹാഫിസ് വിഷയത്തില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചത്.

ഹാഫിസിനെതിരെ നിയമപരമായി നടപടിയെടുത്തില്ലെങ്കില്‍ ഉഭയകക്ഷി ബന്ധത്തിലും പാകിസ്ഥാന്റെ ആഗോള യശസിലും പ്രത്യാഘാതമുണ്ടാകും. തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം അന്താരാഷ്ട്ര ഭീകരവാദത്തെ ചെറുക്കുന്നതില്‍ പാക്കിസ്ഥാന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നതായിരിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ജനുവവരിയിലാണ് 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ ബുദ്ധി കേന്ദ്രമായ ഹാഫിസിനെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കില്‍ ആക്കിയത്. എന്നാല്‍ വെള്ളിയാഴ്ച പാക് കോടതി ഇയാളെ മോചിപ്പിക്കുകയായിരുന്നു. മോചനത്തിനുശേഷം ഇന്ത്യക്കെതിരെ ഹാഫിസ് വിദ്വേഷ പ്രസംഗം നടത്തുകയും ചെയ്തു. ഭീകരവാദികളെ ഗൗരവത്തോടെയല്ല കൈകാര്യം ചെയ്യുന്നതെന്ന് ഹാഫിസിന്റെ മോചനത്തിലൂടെ പാകിസ്ഥാന്‍ തെളിയിച്ചതായി ഇന്ത്യ പ്രതികരിച്ചിരുന്നു.