ഏത് നിമിഷവും അഗ്‌നിപര്‍വ്വതസ്‌ഫോടനം സംഭവിക്കാം; ബാലി മുള്‍മുനയില്‍

0
82

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ മൗണ്ട് അഗൗങ് അഗ്‌നിപര്‍വ്വതം സ്‌ഫോടനത്തിന്റെ വക്കില്‍. ഏറെ നാളുകളായി പുകഞ്ഞു കൊണ്ടിരുന്ന അഗ്നിപര്‍വതം ഏത് നിമിഷവും പൊട്ടിത്തെറിക്കാമെന്ന ഭീതിയിലാണ് അധികൃതരും ജനങ്ങളും.

അഗ്നിപര്‍വതത്തില്‍ നിന്നുള്ള ചാരം ബാലി രാജ്യാന്തര വിമാനത്താവളത്തിനു സമീപം എത്തിയതോടെ വിമാനത്താവളം അടച്ചിരിക്കുകയാണ്. ഇതോടെ ബാലിയിലേക്കു പോയ ആയിരത്തോളം വിനോദ സഞ്ചാരികള്‍ ഇവിടെ കുടുങ്ങിയിരിക്കുകയാണ്. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് നൂറോള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഏഴു വിമാനങ്ങള്‍ ജക്കാര്‍ത്ത, സുരബായ, സിംഗപ്പൂര്‍ വഴി തിരിച്ചിവിട്ടതായി അധികൃതര്‍ അറിയിച്ചു.

അഗ്നിപര്‍വതത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ളവരോടു മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറത്തേക്ക് അടച്ചിരിക്കുന്ന വിമാനത്താവളം സ്ഥിതിഗതികള്‍ വിലയിരുത്തിയതിനുശേഷം ചൊവ്വാഴ്ച തുറക്കും.

അഗ്‌നി പര്‍വ്വതത്തില്‍ നിന്ന് 3400 മീറ്റര്‍ ഉയരത്തില്‍ കറുത്ത പുക വരുന്നുണ്ട്. അഗ്‌നിപര്‍വ്വതത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ജനങ്ങളോട് അവിടെ നിന്നു മാറി താമസിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഈമാസം 26ന് മൗണ്ട് അഗൗങ് അഗ്നിപര്‍വം ചെറുതായി പൊട്ടിത്തെറിച്ചിരുന്നു.