ചട്ടം ലംഘിച്ച് സംഭാവന വാങ്ങി; ആം ആദ്മി പാര്‍ട്ടിക്ക് 30 കോടി നികുതി അടയ്ക്കണം

0
36


ന്യൂഡല്‍ഹി: ചട്ടം ലംഘിച്ച് സംഭാവന വാങ്ങിയ കേസില്‍ ആം ആദ്മി പാര്‍ട്ടിയോട് 30 കോടി നികുതി അടയ്ക്കണമെന്ന് ആദായനികുതി വകുപ്പിന്റെ ഉത്തരവ്. ഡിസംബര്‍ ഏഴിന് മുമ്പ് പണം അടയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.

സംഭാവനയുടെ ഉറവിടം വെളിപ്പെടുത്താന്‍ ഇതുവരെ 34 അവസരങ്ങളാണു പാര്‍ട്ടിക്കു നല്‍കിയത്. എന്നാല്‍ അന്വേഷണത്തെ വഴി തിരിച്ചുവിടുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയുമായിരുന്നു എഎപി നേതാക്കളെന്ന് ആദായനികുതി വകുപ്പ് ആരോപിച്ചു. എഎപി രൂപീകരിച്ച് അഞ്ചു വര്‍ഷം പൂര്‍ത്തികരിച്ചതിന്റെ വാര്‍ഷികം മോടിയോടെ നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പിന്റെ നോട്ടിസ്.

2015-ലെ തെരഞ്ഞെടുപ്പു സമയത്ത് വിദേശത്തുനിന്നു ലഭിച്ച 13 കോടി രൂപയെക്കുറിച്ച് തെളിവുകള്‍ നല്‍കാന്‍ പാര്‍ട്ടിക്കു സാധിച്ചിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. കൂടാതെ ആറു കോടിയിലധികം രൂപ സംഭാവന നല്‍കിയ 461 പേരെക്കുറിച്ചുള്ള വിവരങ്ങളും എഎപി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, തങ്ങളുടെ അഴിമതി വിരുദ്ധ മുഖം തകര്‍ക്കാനുള്ള ശ്രമമാണു കേന്ദ്രത്തിന്റേതെന്ന് അരവിന്ദ് കേജ്രിവാള്‍ പ്രതികരിച്ചു.