ഡെപ്യൂട്ടി കലക്ടറോട് എംഎല്‍എ സി.കെ.ഹരീന്ദ്രന്‍ ക്ഷമ ചോദിച്ചു

0
50


തിരുവനന്തപുരം: ഡെപ്യൂട്ടി കലക്ടറോട് അപമര്യാദയായി പെരുമാറിയതിന് പാറശാല എംഎല്‍എ സി.കെ.ഹരീന്ദ്രന്‍ ക്ഷമ ചോദിച്ചു. ഡെപ്യൂട്ടി കലക്ടറെ ജനരോഷത്തില്‍ നിന്ന് രക്ഷിക്കാനായിരുന്നു തന്റെ ശ്രമമെന്നാണ് എംഎല്‍എ പറഞ്ഞത്. കലക്ടര്‍ വിളിച്ച യോഗത്തില്‍വച്ച് ഡെപ്യൂട്ടി കലക്ടറോട് സംസാരിക്കുമെന്നും എംഎല്‍എ ഉറപ്പുനല്‍കി. ഏതെങ്കിലും വാക്കുകള്‍ മോശമായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും സി.കെ.ഹരീന്ദ്രന്‍ വ്യക്തമാക്കി.

ഡെപ്യൂട്ടി കലക്ടറോട് എംഎല്‍എ അപമര്യാദയായി പെരുമാറിയതില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അതൃപ്തി അറിയിച്ചിരുന്നു. സി.കെ.ഹരീന്ദ്രനെ ഫോണില്‍ വിളിച്ച് വിശദീകരണം തേടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് എംഎല്‍എയുടെ ഖേദപ്രകടനം.

നെയ്യാറ്റിന്‍കര മാരായമുട്ടം ക്വാറി അപകടത്തില്‍ മരിച്ചവര്‍ക്കു ദുരിതാശ്വാസം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ഡെപ്യൂട്ടി കലക്ടറെ എംഎല്‍എ ശകാരിച്ചത്. ‘എന്നെ നിനക്ക് അറിയില്ല, നിന്നെ ആരാടീ ഇവിടെ എടുത്തോണ്ടു വന്നത്’ എന്നൊക്കെയാണു ക്ഷോഭത്തോടെ ഹരീന്ദ്രന്‍ ചോദിച്ചത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കണമെന്നായിരുന്നു എംഎല്‍എയുടെ ആവശ്യം. എന്നാല്‍, ഒരു ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കാനായിരുന്നു നേരത്തേ കലക്ടറുടെ യോഗത്തിലെടുത്ത തീരുമാനം. അക്കാര്യം ഡപ്യൂട്ടി കലക്ടര്‍ അറിയിച്ചതോടെ ഹരീന്ദ്രന്‍ ഡെപ്യൂട്ടി കലക്ടറോട് ക്ഷോഭിക്കുകയായിരുന്നു.

‘ഒരു ലക്ഷം രൂപ വാങ്ങിച്ചു കൊടുക്കാമെന്നു പറയാന്‍ നീയാരാ? നിനക്ക് എന്നെ അറിയില്ല, ആരാടീ നിന്നെ ഇവിടെ കൊണ്ടുവച്ചത്. നിങ്ങളോട് എന്താണു ഞാന്‍ ചോദിച്ചത്? ഇതു നാട്ടുകാര്‍ കൈകാര്യം ചെയ്യും’ എന്നെല്ലാമാണ് എംഎല്‍എ പറഞ്ഞത്.