ദിലീപ് ഇന്ന് ദുബായിലേക്ക്

0
56

കൊച്ചി : ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനാല്‍ ദിലീപ് തിങ്കളാഴ്ച കോടതിയുടെ പ്രത്യേക അനുമതിയോടെ ദുബായിലേക്കുപോകും.  റെസ്റ്റൊറന്റിന്റെ ഉദ്ഘാടനത്തിനായാണ് ദിലീപ് ദുബായിലേക്ക് പോകുന്നത്.

രാവിലെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലെത്തി ദിലീപ് പാസ്പോര്‍ട്ട് കൈപ്പറ്റും.നാലു ദിവസം വിദേശത്ത് തങ്ങാനും ദിലീപിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.

ദിലീപിനോടൊപ്പം ഭാര്യ കാവ്യാമാധവന്‍, മകള്‍ മീനാക്ഷി എന്നിവരും പോകുന്നുണ്ട്.

ദിലീപ് റെസ്റ്റൊറന്റിന്റെ ഉദ്ഘാടനത്തിനായാണ് പോകുന്നതെങ്കിലും യാത്രയെ പോലീസ് സംശയത്തോടെയാണ് കാണുന്നത്.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനെ സംബന്ധിച്ച സംശയങ്ങളാണ് പോലീസിനെ വലയ്ക്കുന്നത്. ഫോണ്‍ വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം. ഈ ഫോണ്‍ കണ്ടെടുക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ദിലീപ് വീണ്ടും ദുബായിലേക്ക് പോകുന്നതാണ് പോലീസിന്റെ സംശയം കൂട്ടുന്നത്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന ദുബായില്‍വെച്ചും നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് 85 ദിവസത്തെ ജയില്‍വാസം ദിലീപ് അനുഭവിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.