പൊലീസ് മാധ്യമങ്ങള്‍ക്കു കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്നു നടന്‍ ദിലീപ്

0
58

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരായ കുറ്റപത്രം പൊലീസ് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്നു നടന്‍ ദിലീപ്. കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായതിനെതിരേ അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ നടന്‍ ദിലീപ് ഹര്‍ജി നല്‍കുകയും ചെയ്തു.

വിദേശത്ത് പോകാന്‍ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് വാങ്ങുന്നതിനായി ഇന്ന് കോടതിയില്‍ എത്തിയപ്പോഴാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്.

കുറ്റപത്രം കോടതി പരിഗണിക്കുന്നതിനു മുന്നേ ഇതിന്‍റെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ വന്നെന്നും ഇത് തനിക്കെതിരായ പൊലീസിന്‍റെ ഗൂഢാലോചനയുടെ ഭാഗമാണെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു.

തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി വിദേശത്ത് പോകാനാണ് കോടതി ദിലീപിന് ഉപാധികളോടെ പാസ്‌പോര്‍ട്ട് തിരികെ നല്‍കിയിരിക്കുന്നത്. ആറ് ദിവസത്തേക്കാണ് ഹൈക്കോടതി പാസ്‌പോര്‍ട്ട് അനുവദിച്ചിരിക്കുന്നത്.

ഉച്ചകഴിഞ്ഞ് 3.40-ന് അഭിഭാഷകര്‍ക്കൊപ്പം കോടതിയിലെത്തിയാണ് ദിലീപ് പാസ്‌പോര്‍ട്ട് സ്വീകരിച്ചത്. ഇതിനിടെ കുറ്റപത്രം ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി നല്‍കുകയായിരുന്നു.