ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; അമ്മയ്ക്കായി ഏഴുവയസുകാരന്‍ ഭിക്ഷയാചിച്ചു

0
41


പട്‌ന: ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ അമ്മയെ രക്ഷിക്കാന്‍ ഏഴുവയസുകാരന്‍ ഭിക്ഷയാചിച്ചു. മാധേപ്പുരയില്‍ നിന്നുള്ള ലളിതാദേവിക്കും കുടുംബത്തിനുമാണ് ഈ ദുരനുഭവം ഉണ്ടായത്. ബില്ലയ്ക്കാത്തതിനാല്‍ 12 ദിവസത്തോളം ആശുപത്രിയില്‍ തടഞ്ഞുവച്ച യുവതിയെ എംപി പപ്പു യാദവ് ഇടപെട്ടതോടെ പൊലീസ് മോചിപ്പിച്ചു.

കഴിഞ്ഞ 14-നാണ് പ്രസവത്തിനായി ലളിതാദേവിയെ (31) പട്‌നയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ് നിര്‍ധന്‍ റാം ആദ്യം 25,000 രൂപ ആശുപത്രിയില്‍ അടച്ചിരുന്നു. അടുത്തദിവസം തന്നെ യുവതി പ്രസവിച്ചെങ്കിലും കുഞ്ഞിനു ജീവനില്ലായിരുന്നു. പിന്നീട് 30,000 രൂപ കൂടി അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. ഇനി തന്റെ കൈയില്‍ പണമില്ലെന്നു നിര്‍ധന്‍ റാം പറഞ്ഞതോടെ യുവതിയെ വിട്ടയയ്ക്കില്ലെന്നായിരുന്നു അധികൃതരുടെ മറുപടി.

ഇതോടെ നിസ്സഹായാവസ്ഥയിലായ നിര്‍ധനും മകന്‍ കുന്ദനും ഗ്രാമത്തിലേക്കു മടങ്ങി. നാട്ടുകാരില്‍ നിന്നു പണം കണ്ടെത്താനായിരുന്നു ഇവരുടെ ശ്രമം. ഏഴുവയസുകാരന്‍ കുന്ദന്‍ ഭിക്ഷയാചിച്ചു തെരുവിലിറങ്ങുകയും ചെയ്തു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലം എം.പിയായ പപ്പു യാദവിനെ വിവരമറിയിച്ചു. അദ്ദേഹം പൊലീസ് സഹായത്തോടെ യുവതിയെ ആശുപത്രിയില്‍ നിന്നു മോചിപ്പിക്കുകയായിരുന്നു.