എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി

0
38

പനജി: സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ്.ദുര്‍ഗയുടെ സര്‍ട്ടിഫിക്കേഷന്‍ സെന്‍സര്‍ഷിപ്പ് റദ്ദാക്കി. ചിത്രത്തിന്റെ പേരിനെ ചൊല്ലിയുള്ള പരാതിയിന്മേലാണ് നടപടി. മുമ്പ് സെക്‌സി ദുര്‍ഗ എന്ന പേര് മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് എസ് ദുര്‍ഗ എന്ന് പേര് മാറ്റിയിരുന്നു. എന്നാല്‍ എസിന് ശേഷം ഹാഷ്ടാഗ് ഉപയോഗിച്ചിരിക്കുന്നത് മറ്റെന്തോ ദ്വയാര്‍ത്ഥത്തെ സൂചിപ്പിക്കുന്നുവെന്നുള്ള പരാതിയെ തുടര്‍ന്നാണ് പുതിയ നടപടി.

ഗോവ രാജ്യാന്തര ചലച്ചിത്ര മേള സമാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, സെന്‍സര്‍ഷിപ്പ് റദ്ദാക്കിയതിനെ തുടര്‍ന്ന് മലയാളചലച്ചിത്രം എസ്.ദുര്‍ഗയുടെ പ്രദര്‍ശനം നടത്താനാകില്ലെന്ന് ജൂറി അറിയിച്ചു. പ്രദര്‍ശിപ്പിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയിരുന്നെങ്കിലും സെന്‍സര്‍ഷിപ്പുമായി ഉയര്‍ന്ന് പരാതിയുമായി സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടതോടെ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

ചിത്രത്തിന്റെ ടൈറ്റിലില്‍ പേരെഴുതിയതിലുള്ള അപാകത മുംബൈ സെന്‍സര്‍ ബോര്‍ഡ് തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തുകയും തുടര്‍ന്ന് ചിത്രം വീണ്ടും സെന്‍സര്‍ ചെയ്യണമെന്ന് കാണിച്ച് നിര്‍മാതാവിന് സെന്‍സര്‍ ബോര്‍ഡ് കത്തയയ്ക്കുകയമായിരുന്നു. സെന്‍സര്‍ഷിപ്പ് റദ്ദാക്കിയതിനാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള അനുമതിയും നിഷേധിക്കപ്പെട്ടു. കേരള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ജൂറി അംഗങ്ങള്‍ തിങ്കളാഴ്ച സെക്‌സി ദുര്‍ഗ കണ്ടിരുന്നു.

ജൂറി സെന്‍സര്‍ ബോര്‍ഡിനോട് അഭിപ്രായം ചോദിച്ചത് വിചിത്രമാണെന്നും ജൂറിക്കെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്നും ചിത്രത്തിന്റെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു. നടപടി കേന്ദ്രസര്‍ക്കാരിന്റെ കള്ളക്കളിയെന്നും അദ്ദേഹം ആരോപിച്ചു.