കോടതി വിധിയില്‍ സന്തോഷമെന്ന് ഹാദിയ

0
36


ഡല്‍ഹി: സുപ്രീം കോടതി വിധിയില്‍ സന്തോഷമെന്ന് ഹാദിയ. പൂര്‍ണ സ്വാതന്ത്ര്യം കിട്ടുമെന്നാണ് പ്രതീക്ഷ. ഭര്‍ത്താവിനെ കാണണമെന്നാണ് ആഗ്രഹമെന്നും അതിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് സേലത്തിലേക്ക് പുറപ്പെടും മുമ്പായിരുന്നു ഹാദിയയുടെ പ്രതികരണം.

തനിക്ക് എത്രത്തോളം സ്വാതന്ത്ര്യം ലഭിച്ചെന്ന് അറിയില്ല. ഭര്‍ത്താവിനോട് സംസാരിക്കാനും കാണാനും കഴിഞ്ഞിട്ടില്ല. അതു നടക്കുമെന്നാണ് കരുതുന്നത്. സുഹൃത്തുക്കളോടൊപ്പവും തനിക്ക് ഇഷ്ടമുളള സ്ഥലങ്ങളിലും പോകാനുളള സ്വാതന്ത്ര്യം കോടതി നല്‍കിയെന്നാണ് വിശ്വസിക്കുന്നതെന്നും ഹാദിയ പ്രതികരിച്ചു.

അതേസമയം, ഹാദിയയ്ക്ക് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ചിരിക്കുന്നത് ശക്തമായ ഇരുമ്പ് കവചമാണെന്നും അത് ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കില്ലെന്നും ഹാദിയയുടെ പിതാവ് അശോകന്‍ പറഞ്ഞു. വിധി തന്റെ വിജയമാണ്. മകളുടെ പഠനം തുടരാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അശോകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മകളെ ഒരു തീവ്രവാദിയെക്കൊണ്ട് കെട്ടിച്ചില്ലേയെന്ന് ഹാദിയയുടെ മാതാവ് ചോദിക്കുന്നു. തങ്ങളുടെ പരിചയത്തില്‍ ആര്‍ക്കും മുസ്ലിം സമുദായവുമായി ബന്ധമില്ല. ഇത്തരം ഒരു ചതി പറ്റുമെന്ന് കരുതിയില്ല. മകളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ ശരിയല്ലെന്നും ഹാദിയയുടെ അമ്മ പ്രതികരിച്ചു.