അഗര്‍ത്തല: അടുത്ത മാര്‍ച്ചില്‍ ത്രിപുരയില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി. ഇതിന്റെ ഭാഗമായി ബിജെപി അവതരിപ്പിക്കുന്ന ഭാരംതാംബ ഗോത്ര വിഭാഗങ്ങള്‍ ധരിക്കുന്ന വേഷവിധാനങ്ങളോടെ പ്രത്യക്ഷപ്പെടും. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വേറിട്ടവരാണെന്ന ഗോത്രവിഭാഗങ്ങളുടെ ചിന്താഗതിയെ മാറ്റുവാന്‍ വേണ്ടിയാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ബിജെപി ഈ നടപടിയെക്കുറിച്ച് അവകാശപ്പെടുന്നത്.
ഭാരതാംബ അവരുടേതു കൂടിയാണ്. അവരും ഭാരതത്തിന്റെ ഭാഗമാണ്. ഒരോ ഗോത്ര വിഭാഗങ്ങള്‍ക്കും അവരുടേതായ സംസ്കാരങ്ങളും വേഷങ്ങളും ഉണ്ട്. അവയെ നമ്മള് ബഹുമാനിക്കേണ്ടതുണ്ടെന്ന് ബിജെപി ത്രിപുര സംസ്ഥാന ചുമതലയുള്ള സുനില്‍ ദിയോധര്‍ പറയുന്നു.
ദെബ്ബര്‍മ, ത്രിപുരി, റീങ്, ചക്മ തുടങ്ങി നാലു ഗോത്രവിഭാഗങ്ങളാണ് പ്രധാനമായും ത്രിപുരയിലുള്ളത്. ഈ ഗോത്രവിഭാഗങ്ങളാണ് 77.8 ശതമാനത്തോളം വരുന്ന ഗോത്ര ജനസംഖ്യയില്‍ കൂടുതലും. ഇവരെ പ്രതിനിധീകരിക്കുന്ന രീതിയിലാണ് ബിജെപി ഭാരതാംബയെ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ള മറ്റു 300 ഗോത്രവിഭാഗങ്ങളെക്കൂടി പ്രതിനിധീകരിക്കുന്ന ഭാരതാംബയുടെ ചിത്രീകരണം ഇവിടങ്ങളില്‍ അവതരിപ്പിക്കുമെന്നും സുനില്‍ ദിയോധര്‍ പറയുന്നു.
സംസ്ഥാനത്തെ എല്ലാ ബിജെപി ചടങ്ങുകളിലും ഇനി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ, ശ്യാമ പ്രസാദ് മുഖര്‍ജി എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം സാരി ധരിച്ചുള്ള ഭാരതാംബയുടെയും ഗോത്ര വിഭാഗങ്ങളെ പ്രതിനിധികരിക്കുന്ന ഭാരതാംബയുടെയും ചിത്രങ്ങളുണ്ടാവുമെന്നും അദ്ദഹം പറഞ്ഞു. ത്രിപുര ജനസംഖ്യയില്‍ കൂടുതലും ബംഗാളില്‍ നിന്ന് കുടിയേറിയവരാണ് ഉള്ളത്. അതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നും സുനില്‍ ദിയോധര്‍ പറയുന്നു.
ത്രിപുരയില്‍ വിജയം നേടാന്‍ ഗോത്രവിഭാഗങ്ങളുടെ പിന്തുണ അത്യാവശ്യമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ബിജെപി പുതിയ തന്ത്രം പയറ്റുന്നത്. സംസ്ഥാനത്തെ ജനസംഖ്യയില്‍ മുന്നിലൊന്നും ഗോത്രവിഭാഗങ്ങളാണ്. ത്രിപുര ഗോത്രവിഭാഗങ്ങള്‍ക്ക് മാത്രമായി പ്രത്യേക ഗോത്ര ജില്ലാ കൗണ്‍സില്‍ സംസ്ഥാനത്തുണ്ട്. സംസ്ഥാനത്തെ 68 ശതമാനത്തോളം പ്രദേശങ്ങളും ഈ കൗണ്‍സിലിന് കീഴില്‍ വരും. ഇവിടെയാണ് ത്രിപുരയിലെ ഗോത്രവിഭാഗങ്ങളില്‍ 80 ശതമാനത്തോളം താമസിക്കുന്നത്. ത്രിപുരയിലെ രണ്ട് പ്രധാന ഗോത്രവര്‍ഗ പാര്‍ട്ടികളായ ഐപിഎഫ്ടി, ഐഎന്‍പിടി എന്നിവ ഇപ്പോള്‍ ബിജെപി നയിക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിന്റെ ഭാഗമാണ്. പ്രത്യേക ഗോത്ര സംസ്ഥാനം എന്ന ആവശ്യമുന്നയിക്കുന്ന പാര്‍ട്ടികളാണ് ഇവര്‍. ഇവരുടെ ആവശ്യത്തിനോട് ബിജെപിക്ക് അനുകൂല നിലപാടാണ് ഉള്ളത്.
99.3 ലക്ഷമാണ് തൃപുരയിലെ ജനസംഖ്യ. ഇതില്‍ 31 ശതമാനം അതായത് 31.99 ലക്ഷം ഗോത്രവിഭാഗങ്ങളാണ്. അതിനാല്‍ ഇവരുടെ വോട്ട് സമാഹരിക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്.