ശിശു പരിപാലന കേന്ദ്രങ്ങള്‍ ശാസ്ത്രീയമായി പരിഷ്‌ക്കരിക്കും: ആരോഗ്യമന്ത്രി

0
82

തിരുവനന്തപുരം: കേരളത്തിലെ ശിശു പരിപാലന കേന്ദ്രങ്ങള്‍ എല്ലാവിധ അത്യാധുനിക സംവിധാനത്തോടെ ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സി.സി.ടി.വി. ക്യാമറയും മറ്റ് സൗകര്യങ്ങളുമൊരുക്കി സ്വകാര്യ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ കര്‍ശനമായി നിരീക്ഷിക്കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തിലെ ശിശുപരിപാലന കേന്ദ്രങ്ങളുടെ നിലവാരമുയര്‍ത്തുന്നതിനും ശിശു പരിപാലനത്തിനുമായി പ്രത്യേക പദ്ധതി രൂപീകരിക്കും. അംഗന്‍വാടികളില്‍ മികച്ച സൗകര്യമൊരുക്കും. അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് പുതിയ 250 ശിശുപരിപാലന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളുടെ പരിപാലനം ഏറ്റവും പ്രധാനമാണ്. ചെറിയ പ്രായത്തില്‍ അവരുടെ വളര്‍ച്ച മുരടിക്കാന്‍ പാടില്ല.

ഈ ശിശുപരിപാലന കേന്ദ്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ശിശുപരിപാലന കേന്ദ്രങ്ങളിലും അത്യാവശ്യം വേണ്ട സൗകര്യങ്ങളും ജീവനക്കാരുടെ നല്ല പെരുമാറ്റവും ഉറപ്പുവരുത്തും. അംഗന്‍വാടികളില്‍ മികച്ച സൗകര്യമൊരുക്കുമൊന്നും മന്ത്രി പറഞ്ഞു.

മുന്‍ രാജ്യസഭ എം.പി. ഡോ. ടി.എന്‍. സീമയുടെ 2015-2016ലെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച ശിശുപരിപാലന കേന്ദ്രം, ഓട്ടോക്ലേവ് മെഷീന്‍, 3 വെന്റിലേറ്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനവും സമര്‍പ്പണവും എസ്.എ.ടി. ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കെ.കെ. ശൈലജ ടീച്ചര്‍.