കേരളം എന്നുമോര്‍മ്മിക്കുന്ന പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു ഇ.ചന്ദ്രശേഖരന്‍ നായര്‍: പ്രകാശ് ബാബു

0
56


തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു ഇ.ചന്ദ്രശേഖരന്‍ നായരെന്നു സിപിഐ സ്റ്റേറ്റ് അസിസ്റ്റന്റ്റ് സെക്രട്ടറി പ്രകാശ് ബാബു 24 കേരളയോടു പറഞ്ഞു. സഹകരണരംഗത്തും പൊതുവിതരണ രംഗത്തും അദ്ദേഹം  നല്‍കിയ മാതൃകകള്‍ കേരളത്തിന്റെ തനത് ചരിത്രത്തിന്റെ ഭാഗമാണ്.

എളിമയായിരുന്നു ഇ.ചന്ദ്രശേഖരന്‍ നായരുടെ മുഖമുദ്ര. സിപിഎം നേതൃനിര തന്നെ അദ്ദേഹത്തിനൊപ്പം ആശുപത്രിയില്‍ ഒപ്പം നിന്നിരുന്നു. ഇടത് പക്ഷ പ്രസ്ഥാനങ്ങള്‍ക്കും, കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും കനത്ത നഷ്ടമാണ് ഇ.ചന്ദ്രശേഖരന്‍ നായരുടെ വിയോഗം മൂലം സംഭവിച്ചത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ആദ്യകാല നേതാക്കളിലെ പ്രമുഖ കണ്ണികളിലൊരാളായ നേതാവാണ്‌ ഇപ്പോള്‍ അറ്റുപോയിരിക്കുന്നത്. നൂറു ശതമാനം സത്യസന്ധതയും ആത്മാര്‍ത്ഥതയും കൈമുതലായ നേതാവായിരുന്നു ചന്ദ്രശേഖരന്‍ നായര്‍- പ്രകാശ്ബാബു പറഞ്ഞു. മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ ഭക്ഷ്യ പൊതുവിതരണ മന്ത്രിയുമായിരുന്ന ഇ.ചന്ദ്രശേഖന്‍ നായര്‍ ഇന്നു രാവിലെയാണ് വിടവാങ്ങിയത്. 89 വയസായിരുന്നു.

വാര്‍ദ്ധക്യകാല അസ്വസ്ഥതയെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. 1957ല്‍ ഐക്യ കേരളത്തിലെ ആദ്യ നിയമസഭാംഗമായി. 6 തവണ നിയമസഭാംഗവും 3 തവണ മന്ത്രിയുമായി. 1980- 81ല്‍ ഭക്ഷ്യ,​ പൊതുവിതരണ,​ ഭവന നിര്‍മാണ വകുപ്പ് മന്ത്രിയായി.

1987- 91ല്‍ ഭക്ഷ്യപൊതുവിതരണം,​ മൃഗസംരക്ഷണം,​ ക്ഷീരവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1996- 2001ല്‍ ഭക്ഷ്യപൊതുവിതരണം ഉപഭോക്തൃകാര്യം,​ വിനോദസഞ്ചാരവികസനം,​ നിയമം,​ മൃഗസംരക്ഷണം,​ ക്ഷീരവികസനം,​ ക്ഷീരവികസന സഹകരണ സംഘങ്ങള്‍ എന്നീ വകുപ്പുകളുടെയും മന്ത്രിയായിരുന്നു. ഭക്ഷ്യമന്ത്രിയായരുന്ന സമയത്ത്, മാര്‍ക്കറ്റ് വില നിയന്ത്രിക്കാനും, സാധാരണക്കാര്‍ക്ക് അവശ്യ സാധനങ്ങള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കാനും മാവേലി സ്റ്റോര്‍ ശൃംഖലയ്ക്ക് തുടക്കം കുറിച്ചു.

സഹകരണ പ്രസ്ഥാനത്തിന്റെ ശക്തനായ വക്താവായിരുന്ന അദ്ദേഹം 29 വര്‍ഷത്തിലേറെക്കാലം കൊല്ലം ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനായിരുന്നു. കൂടാതെ അഖിലേന്ത്യ സഹകരണ ബാങ്ക് ഫെഡറേഷന്റെ അധ്യക്ഷന്‍, റിസര്‍വ് ബാങ്കിന്റെ അഗ്രിക്കള്‍ച്ചറല്‍ ക്രഡിറ്റ് ബോര്‍ഡ് അംഗം, സി.പി.ഐ.യുടെ ദേശീയ നിര്‍വാഹക സമിതിയംഗം എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

1928 ഡിസംബര്‍ രണ്ടിന് കൊല്ലം, എഴുകോണ്‍, ഇടയിലഴികത്ത് ഈശ്വരപിള്ളയുടേയും മുട്ടത്തുവയലില്‍ മീനാക്ഷിയമ്മയുടേയും മകനായാണ് ഇ.ചന്ദ്രശേഖരന്‍ നായര്‍ ജനിച്ചത്.അണ്ണാമല യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്തുതന്നെ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സില്‍ അംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് ഐഎസ്പിയില്‍ ചേര്‍ന്നു. പിന്നീട് 1952ല്‍ സിപിഐയിലെത്തി. തുടര്‍ന്ന് സിപിഐയിലെ ഏറ്റവും പ്രഗത്ഭനേതാക്കളിലോരാളായി മാറി.