തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരായ നടപടി മയപ്പെടുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അനുമതിയില്ലാതെ ആത്മകഥയെഴുതിയതിന് ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാനുളള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ടയച്ച ഫയല്‍ മുഖ്യമന്ത്രി തിരിച്ചുവിളിച്ചു. എന്നാല്‍ സംഭവത്തില്‍ വിശദീകരണം തേടി ജേക്കബ് തോമസിന് നോട്ടീസ് അയയ്ക്കാനും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മാത്രം വകുപ്പുതല നടപടി എടുക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.
കഴിഞ്ഞ ദിവസം ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. ജേക്കബ് തോമസിന്റെ പുസ്തകം ചട്ടലംഘനമാണെന്ന് മൂന്നംഗ സമിതി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ സംഭവത്തില്‍ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പലരും അതൃപ്തി പ്രകടിപ്പിച്ചു. ഇതോടെയാണ് ഫയല്‍ മുഖ്യമന്ത്രി തിരിച്ചുവിളിച്ചതും നടപടി മയപ്പെടുത്താന്‍ തീരുമാനിച്ചതും.
സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ജേക്കബ് തോമസിന്റെ ആത്മകഥ മുന്‍ മന്ത്രിമാരെയും ജനപ്രതിനിധികളെയും വിമര്ശക്കുന്നതായിരുന്നു. പുസ്കത്തില്‍ ചട്ടലംഘമുണ്ടെന്ന് മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ റിപ്പോര്‍ട്ട് നല്കി. ചട്ടലംഘനം പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി ജേക്കബ് തോമസിനെതിരെ ഗുരുതരമായ വീഴ്ചകളാണ് ചൂണ്ടികാട്ടിയത്.
പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന 1966ലെ നിയമവും, കേന്ദ്ര സര്‍വ്വീസ് ചട്ടവും ലംഘിച്ചുവെന്നായിരുന്നു കണ്ടെത്തല്‍.
രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും കണ്ടെത്തലുണ്ടായിരുന്നു. സര്‍ക്കാര്‍ അനുമതിയില്ലാതെ ജേക്കബ് തോമസിന്റെ രണ്ടാമത്തെ പുസ്തവും അടുത്തിടെ പ്രസീദ്ധകരിച്ചിരുന്നു.