സംസ്ഥാനത്ത് മാനുഫാക്ചറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന കാര്യം  പരിഗണിക്കും: ജപ്പാന്‍

0
43

തിരുവനന്തപുരം : സംസ്ഥാനത്ത് ജപ്പാന്‍റെ മാനുഫാക്ചറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഇന്ത്യയിലെ ജപ്പാന്‍ അംബാസിഡര്‍ കെന്‍ജി ഹിരാമസൂ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ബുധനാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഈ വാഗ്ദാനം.

കേരളത്തില്‍ റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന് ജപ്പാനുമായി സഹകരിക്കാന്‍ താല്പര്യമുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചപ്പോഴാണ് മാനുഫാക്ചറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പരിഗണിക്കാമെന്ന് അംബസിഡര്‍ പറഞ്ഞത്.

ഏതൊക്കെ മേഖലകളില്‍ സാങ്കേതിക വിദ്യ ലഭ്യമാക്കണമെന്നും നിക്ഷേപം നടത്തണമെന്നും ഈ സ്ഥാപനത്തിന് തീരുമാനിക്കാന്‍ കഴിയും. ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്ന റബ്ബറിന്‍റെ 90 ശതമാനവും കേരളത്തില്‍ നിന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശാസ്ത്രീയമായ ഖരമാലിന്യ സംസ്കരണത്തിന് കേരളത്തിന് ഏറ്റവും പുതിയ സാങ്കേതിക വിദ്യ ലഭ്യമാക്കാമെന്ന് അംബാസിഡര്‍ അറിയിച്ചു. സംസ്ഥാനത്തെ 7 കേന്ദ്രങ്ങളില്‍ വലിയ മാലിന്യസംസ്കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ പദ്ധതി നടപ്പാക്കുന്നതിന് ജപ്പാനുമായി സഹകരിക്കാന്‍ കേരളത്തിന് താല്പര്യമുണ്ട്. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി കേരളത്തെ മാലിന്യമുക്തമാക്കാന്‍ സര്‍ക്കാര്‍ ഹരിതകേരളം മിഷന്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിന് കീഴിലാണ് ഖരമാലിന്യ സംസ്കരണത്തിനുളള പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.

യുവജനങ്ങളുടെ തൊഴില്‍പരമായ നൈപുണ്യം വികസിപ്പിക്കുന്നതിനുളള ഒരു കേന്ദ്രവും സാംസ്കാരിക വിദ്യാഭ്യാസ കേന്ദ്രവും കേരളത്തില്‍ ആരംഭിക്കണമെന്ന നിര്‍ദേശവും ജപ്പാന്‍ പരിഗണിക്കും. കേരളത്തിന്‍റെ റെയില്‍ വികസന പദ്ധതികളുമായി സഹകരിക്കാനും അംബാസിഡര്‍ താല്പര്യം പ്രകടിപ്പിച്ചു.

ഇന്ത്യന്‍ റെയില്‍വെയുമായി ചേര്‍ന്ന് കേരളത്തിന്‍റെ റെയില്‍ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ സംയുക്ത സംരംഭം ഉണ്ടാക്കിയിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിലവിലുളള ഇരട്ടപ്പാതയ്ക്ക് പുറമെ, മൂന്നും നാലും പാതകള്‍ ഉണ്ടാക്കാനാണ് സംയുക്ത കമ്പനി ഉദ്ദേശിക്കുന്നത്. ഈ രംഗത്ത് ജപ്പാന്‍റെ സാങ്കേതിക വൈദഗ്ധ്യം ലഭിക്കാന്‍ താല്പര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തേയില, കാപ്പി, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ വിപണനത്തിന് ജപ്പാനുമായി സഹകരിക്കാന്‍ കഴിയും. ജപ്പാന്‍റെ അഭിരുചിക്കും ജപ്പാന്‍കാരുടെ സ്വാദിനും അനുസൃതമായി ഗുണനിലവാരമുളള തേയിലയും കാപ്പിയും ഉല്പാദിപ്പിച്ചു നല്‍കാന്‍ കേരളത്തിന് കഴിയും.

പാരമ്പര്യേതര ഊര്‍ജ ഉല്പാദനം, വൈദ്യുതി പ്രസരണ വിതരണ സംവിധാനം, ടൈറ്റാനിയം അടിസ്ഥാനമാക്കിയുളള മൂല്യവര്‍ധിത സാധനങ്ങളുടെ ഉല്പാദനം, ഇന്‍റര്‍നെറ്റ് ജനകീയമാക്കുന്നതിനുളള കെഫോണ്‍ പദ്ധതി, നിര്‍ദിഷ്ട വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സമീപം ജപ്പാന്‍റെ മൂല്യവര്‍ധിത ഉല്പാദന സംവിധാനം തുടങ്ങിയ പദ്ധതികളും ജപ്പാനുമായുളള സഹകരണത്തിനുവേണ്ടി മുഖ്യമന്ത്രി മുന്നോട്ടുവെച്ചു.

അവ പരിഗണിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി വ്യക്തമായ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും യോജിക്കാവുന്ന മേഖലകളില്‍ കേരളവുമായി സഹകരിക്കുമെന്നും അംബസിഡര്‍ ഉറപ്പു നല്‍കി.

ചര്‍ച്ചയില്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാം, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ എന്നിവരും പങ്കെടുത്തു.