സിപിഎം-സിപിഐ തര്‍ക്കങ്ങള്‍ താല്‍ക്കാലിക പ്രതിഭാസം; മുന്നണി ബന്ധം ഉലയില്ല: എം.എ.ബേബി

0
400

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: കേരളത്തിലെ സിപിഎം-സിപിഐ ബന്ധത്തിനു ഒരുലച്ചിലും സംഭവിക്കില്ലെന്നും നിലവിലെ തര്‍ക്കങ്ങള്‍ താല്‍ക്കാലിക പ്രതിഭാസമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി 24 കേരളയോടു പറഞ്ഞു.

വിവാദങ്ങള്‍ അടഞ്ഞ അധ്യായമായി കരുതി യോജിച്ച് പ്രവര്‍ത്തിക്കാം എന്ന തീരുമാനമാണ് ഇപ്പോള്‍ ഇരു സംസ്ഥാന നേതൃത്വങ്ങളും കൂടി കൈക്കൊണ്ടിട്ടുള്ളത്‌. നിലവിലെ അഭിപ്രായ വ്യത്യാസങ്ങളില്‍ കുറ്റങ്ങളുടെ കണക്ക് പറഞ്ഞു മുന്നോട്ട് പോകുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല.

സിപിഐ യോജിക്കാന്‍ പോകുന്നത് കോണ്‍ഗ്രസുമായി എന്ന ചര്‍ച്ച വന്നപ്പോള്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ ആ കാര്യം വിശദമാക്കിയിട്ടുണ്ട്. തലയ്ക്ക് വെളിവുള്ളവര്‍ കേരളത്തില്‍ കോണ്‍ഗ്രസുമായി യോജിക്കുമോ എന്ന് കാനം തന്നെ പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസ് ബന്ധം സ്വീകരിക്കില്ല എന്ന നിലപാടിന്റെ പ്രതിഫലനമാണ് കാനത്തിന്റെ വാക്കുകള്‍. ഈ കാര്യത്തില്‍ കാനം തന്നെ നിലപാട് വിശദമാക്കിയ അവസ്ഥയില്‍ ഈ കാര്യം കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ല.

എഴുപതുകളില്‍ സിപിഎമ്മിനെ പുറത്ത് നിര്‍ത്തി സിപിഐ കോണ്‍ഗ്രസുമായി ചേര്‍ന്ന് കേരള ഭരണം നടത്തി. അത് യാഥാര്‍ത്യമാണ്. ആ കൂട്ടുകെട്ട് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ചേദിച്ച്, മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചാണ് പി.കെ.വാസുദേവന്‍ നായരുടെ നേതൃത്വത്തിലുള്ള സിപിഐ വീണ്ടും സിപിഎമ്മുമായി ഒന്നിക്കുന്നത്. അത് കാണാതിരിക്കാന്‍ സാധ്യമല്ല.

പികെവിയുടെ നേതൃത്വത്തിലുള്ള ആ നല്ല പ്രവര്‍ത്തി ഇപ്പോഴും സിപിഐക്കും സിപിഎമ്മിനും മുമ്പാകെയുണ്ട്. ആ നിലപാട് അഭിനന്ദനീയമായ വിധത്തില്‍ നമ്മുടെ മുന്‍പാകെയുണ്ട്. ഇന്ത്യയിലെ ഇടത് പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ അടുപ്പവും പരസ്പര ധാരണയും ഉള്ളത് സിപിഎം-സിപിഐ പാര്‍ട്ടികള്‍ തമ്മിലാണ്.

1964 വരെ സിപിഎം-സിപിഐ എന്നിവ ഒരേ പാര്‍ട്ടിയായിരുന്നു. പിന്നീടാണ് പിളര്‍പ്പ് വന്നത്. കേരളത്തില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായി എന്നത് യാഥാര്‍ത്ഥ്യമാണ്. രണ്ടു പാര്‍ട്ടികളിലേയും താഴെത്തട്ടിലുള്ള നേതാക്കള്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞതാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്‌.

സിപിഎം-സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രശ്നങ്ങളില്‍ സമവായം ഉണ്ടാക്കിയിട്ടുണ്ട്. സിപിഐ-സിപിഎം ബന്ധത്തിന്റെ മുന്നോട്ടുള്ള പോക്കിന് ഒരു തടസ്സവും സംഭവിക്കാതിരിക്കാന്‍ ഇരു സംസ്ഥാന നേതൃത്വങ്ങളും ജാഗരൂകരായി നിലകൊള്ളുന്നുണ്ട്. സഹകരിച്ച് പ്രവര്‍ത്തിച്ച് തന്നെ സിപിഎമ്മും സിപിഐയും മുന്നോട്ട് പോകും. ഇനി പ്രശ്നങ്ങള്‍ ഉണ്ടായാല്‍ കേരളത്തിലെ ഇരു നേതൃത്വങ്ങളും ചര്‍ച്ചകള്‍ നടത്തി ഇവയ്ക്ക് പരിഹാരം കാണും എന്നതിന് ഒരു സംശയവുമില്ല. എം.എ.ബേബി പറഞ്ഞു.