‘ഓഖി’ ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച

0
121


തിരുവനന്തപുരം: കേരള തീരത്തേക്ക് ‘ഓഖി’ ചുഴലിക്കാറ്റെത്തുന്നതു സംബന്ധിച്ച് മുന്നറിയിപ്പു നല്‍കുന്നതില്‍ ദുരന്തനിവാരണ അതോറിറ്റിക്കു വീഴ്ച പറ്റി. ഒരാഴ്ച മുന്‍പേ ഓഖിയുടെ വരവ് അറിയാമായിരുന്നിട്ടും ജില്ലാ ഭരണകൂടങ്ങളെയും മത്സ്യത്തൊഴിലാളികളെയും അറിയിച്ചില്ല. ഇന്നലെ രാവിലെ പതിനൊന്നോടെ മാത്രമായിരുന്നു റവന്യുമന്ത്രിയെയടക്കം വിവരമറിയിക്കുന്നത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നതും.

ന്യൂനമര്‍ദങ്ങള്‍ സാധാരണയാണ്. അപൂര്‍വമായി മാത്രമേ കൊടുങ്കാറ്റായി മാറുകയുള്ളൂ. 11 മണിയോടെയാണ് ന്യൂനമര്‍ദം കൊടുങ്കാറ്റായി മാറിയതെന്നുമാണ് വിദഗ്ധരുടെ വിശദീകരണം. കാറ്റ് ശ്രീലങ്കയുടെ പടിഞ്ഞാറു ഭാഗത്തേക്കു നീങ്ങുമെന്നായിരുന്നു ഇന്നലെ രാവിലെ വരെയുള്ള നിഗമനം. പിന്നീടു വടക്കന്‍ ദിശയിലേക്കു കാറ്റ് മാറുകയായിരുന്നു. എന്നാല്‍, കന്യാകുമാരി വരെ ഭാഗങ്ങളില്‍ കാറ്റുണ്ടാകുമെന്നായിരുന്നു ആദ്യ സൂചനയെന്നും വിദഗ്ധര്‍ വിശദീകരിച്ചു.

വിദേശരാജ്യങ്ങള്‍ പലതും കാലവസ്ഥാ വ്യതിയാനങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുന്ന ഇക്കാലത്ത് തങ്ങള്‍ കൊടുങ്കാറ്റിനും കടലിനുമിടയിലായത് അധികൃതരുടെ അനാസ്ഥ കൊണ്ടാണെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ ആരോപണം. ചുഴലിക്കാറ്റും പേമാരിയും വന്‍ തിരമാലകളും ഉണ്ടാകുമെന്ന ഒരു മുന്നറിയിപ്പും ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി കന്യാകുമാരിക്കു തെക്ക് 120 കിലോമീറ്റര്‍ അകലെയെത്തിയതോടെയാണു ന്യൂനമര്‍ദം ശക്തി പ്രാപിച്ചത്. തുടര്‍ന്നാണു മഴയും ഓഖി ചുഴലിക്കാറ്റിന്റെ സാന്നിധ്യവും സ്ഥിരീകരിച്ചതെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. കേരളാ തീരങ്ങളില്‍ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ന്യൂനമര്‍ദം രൂപപ്പെടാറുണ്ടെങ്കിലും നാലു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്ര അടുത്തെത്തുന്നതെന്നും അവര്‍ പറഞ്ഞു.

അതേസമയം, ഓഖി ചുഴലിക്കാറ്റ് തീരത്തേക്ക് അടുത്തെങ്കിലും കരയിലേക്കു കടക്കാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം. ഇന്നലെ പകല്‍ 11.30 ന് തിരുവനന്തപുരം, കന്യാകുമാരി തീരങ്ങള്‍ക്ക് 70 കി.മീ മാത്രം അകലെ കടലില്‍ ന്യൂനമര്‍ദം സ്ഥിരീകരിച്ചിരുന്നു. അപ്പോഴാണ് കേരള തീരത്തു കാറ്റും മഴയും കനത്തത്.