ഓഖി ചുഴലിക്കാറ്റ്: വ്യാജ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാകുന്നു

0
88

തിരുവനന്തപുരം: കേരളത്തിന്റെ തെക്കന്‍ തീരത്ത് ഭീതിയൊഴിയാതെ നില്‍ക്കുന്ന ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വ്യാജപ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാകുന്നു. കാറ്റിനേക്കാള്‍ വേഗത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണങ്ങള്‍ പരന്നത്. തിരുവനന്തപുരം ശംഖുമുഖത്ത് കടല്‍ എട്ട് കിലോമീറ്റര്‍ ഉള്‍വലിഞ്ഞു, കന്യാകുമാരിയില്‍ സുനാമി ആഞ്ഞടിച്ചു… ഇങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്തകള്‍.

എന്നാല്‍ ഈ വ്യാജപ്രചരണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ജോലി ചെയ്യുന്ന മറ്റു ജില്ലക്കാരെയായിരുന്നു. ഇവര്‍ക്ക് നിര്‍ത്താതെ ഫോണ്‍കോളുകള്‍ വന്നുകൊണ്ടേയിരുന്നു. ഭയാശങ്കരായ ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു മറുവശത്ത്. വാട്സ് ആപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും വരുന്ന വാര്‍ത്തകളായിരുന്നു ഇതിനു കാരണം.

സെലിബ്രേറ്റികളെ നേരത്തെ കൊല്ലുന്നതു പോലെ അപകടം നിറഞ്ഞതാണ് ഇത്തരം പ്രചരണങ്ങളും. ആധികാരികമല്ലാത്ത വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നതെന്ന് ജനങ്ങള്‍ മനസിലാക്കണം. വാര്‍ത്തകള്‍ വിശ്വാസയോഗ്യമായ മാധ്യമങ്ങളില്‍ നിന്ന് മാത്രം മനസിലാക്കാനും പങ്കുവയ്ക്കാനും ശ്രദ്ധിക്കുകയും വേണം.