‘ഓഖി’: വീഴ്ച പറ്റിയിട്ടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി; രക്ഷപ്പെടുത്താനുള്ളത് നാല്‍പ്പതോളം പേരെ മാത്രമെന്ന് കളക്ടര്‍

0
112

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ‘ഓഖി’ചുഴലിക്കാറ്റ് രൂപപ്പെടുന്നത് മുന്നറിയിപ്പു നൽകുന്നതിൽ ദുരന്തനിവാരണ അതോറിറ്റിക്കു വീഴ്ച പറ്റിയോ? ഇല്ലെന്ന ഉറച്ച മറുപടിയുമായി ദുരന്തനിവാരണ അതോറിറ്റി. കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് പൊടുന്നനെ ‘ഓഖി’ ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടത്. ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന കാര്യം അപ്പോള്‍ തന്നെ അറിയിപ്പ് കൊടുത്തിരുന്നു. ന്യൂനമര്‍ദ്ദം കൊടുങ്കാറ്റായി രൂപപ്പെടുന്നത് ഡല്‍ഹിയില്‍ നിന്ന് വിവരം വരാന്‍ വൈകി. കേരളാ ദുരന്ത നിവാരണ അതോറിറ്റിയുടെ മെമ്പര്‍ സെക്രട്ടറി ഡോക്ടര്‍ ശേഖര്‍ എല്‍ കുര്യാക്കോസ് 24 കേരളയോടു പറഞ്ഞു.

ഇന്നലെ രാവിലെ മാത്രമേ . ചുഴലിക്കാറ്റ് രൂപപ്പെടുന്നത് ദുരന്ത നിവാരണ അതോറിറ്റി അറിഞ്ഞുള്ളൂ. അപ്പോഴേക്കും സമയം വൈകിയിരുന്നു. രാവിലെ 12 മണിക്കാണ് ഡല്‍ഹിയില്‍ നിന്ന് വിവരം എത്തുന്നത്. ബോട്ടുകള്‍ കടലിലേക്ക് പോയിക്കഴിഞ്ഞ സമയത്താണ് മുന്നറിയിപ്പ് എത്തിയത്. അതുകൊണ്ട് തന്നെ അതിനുശേഷമുള്ള ക്രമീകരണങ്ങള്‍ മാത്രമേ ദുരന്ത നിവാരണ അതോറിറ്റിക്ക് ചെയ്യാന്‍ സാധിച്ചുള്ളൂ.

രാവിലെ ‘ഓഖി’ ചുഴലിക്കാറ്റു അറിയിപ്പ് 12 മണിക്ക് എത്തുന്നതിനു മുന്‍പ് ഞങ്ങള്‍ക്ക് ലഭിച്ച അറിയിപ്പ് ശ്രീലങ്കയില്‍ ന്യൂനമര്‍ദ്ദം ഉണ്ട് എന്നാണ്. ഈ ന്യൂനമര്‍ദ്ദത്തിനൊപ്പം 45-50 കിലോ മീറ്റര്‍ വേഗതയില്‍ കേരള തീരത്ത് കാറ്റിനു സാധ്യത എന്നാണു അറിയിപ്പ് ലഭിച്ചത്. ഇത്തരം അറിയിപ്പ് ആഴ്ചകളില്‍ മൂന്നെണ്ണം വീതം വരും. അതുകൊണ്ടു എന്താണ് പ്രയോജനം. ആ അറിയിപ്പ് ഞങ്ങള്‍ കൈമാറിക്കഴിഞ്ഞതാണ്.

ഇവിടെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി ആഞ്ഞു വീശും എന്ന അറിയിപ്പ് ഞങ്ങള്‍ക്ക് ലഭിച്ചില്ല. ദുരന്തം സൈക്ലോണ്‍ മാത്രമാണ്. ആ സൈക്ലോണ്‍ അറിയിപ്പ് ഞങ്ങള്‍ക്ക് ലഭിക്കാന്‍ വൈകി. ശേഖര്‍ എല്‍ കുര്യാക്കോസ് പറയുന്നു. സെപ്റ്റംബർ മുതൽ നവംബർ വരെ കേരള തീരങ്ങളിൽ ന്യൂനമർദം രൂപപ്പെടാറുണ്ട്.

കഴിഞ്ഞ നാലു വർഷത്തിനിടെഈ ന്യൂനമര്‍ദ്ദം ഇത്ര അടുത്ത് എത്തുന്നത് ഇതാദ്യമാണ്. ചൊവ്വാഴ്ച രാത്രി കന്യാകുമാരിക്കു തെക്ക് 120 കിലോമീറ്റർ അകലെയെത്തിയതോടെയാണു ന്യൂനമർദം ശക്തി പ്രാപിച്ചത്.

ഓഖി അറിയിപ്പ് ലഭിച്ചശേഷം സംസ്ഥാന സര്‍ക്കാരും ദുരന്തനിവാരണ അതോറിറ്റിയും സടകുടഞ്ഞെണീട്ടുണ്ട്. അതിനുശേഷം രക്ഷാപ്രവര്‍ത്തങ്ങള്‍ സര്‍ക്കാര്‍ വേഗത്തിലാക്കി. കൊച്ചിയില്‍ നിന്ന് നേവല്‍-എയര്‍ഫോഴ്സ്-കോസ്റ്റ് ഗാര്‍ഡ് സഹായം തേടി. പൂന്തുറയില്‍ കണ്‍ട്രോള്‍ റൂം തുടങ്ങി.

കാറ്റിലും മഴക്കെടുതിയിലും അകപ്പെട്ടവരെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കി. കടലില്‍ അകപ്പെട്ട കൂടുതല്‍പേരെ രക്ഷാപ്രവര്‍ത്തനം നടത്തുന്ന കപ്പലുകള്‍ക്ക് കണ്ടെത്താനായിട്ടുണ്ട്. അവരെ രക്ഷപ്പെടുത്താന്‍ നടപടികള്‍ കൈക്കൊണ്ടു.

എയര്‍ഫോസിന്റെയും നേവിയുടേയും അടക്കം നാല് വിമാനങ്ങള്‍ തെരച്ചില്‍ നടത്തുന്നു. ഓഖി ചുഴലിക്കാറ്റില്‍ അപകടത്തില്‍ പെട്ട 185 പേരില്‍ 150 പേരെ രക്ഷപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ വാസുകിയും അറിയിച്ചു. 60 പേരെ ജപ്പാന്‍ കപ്പല്‍ രക്ഷപ്പെടുത്തി. ഇന്ന് വൈകീട്ട് രക്ഷപ്പെടുത്തിയവരുമായി കപ്പല്‍ വിഴിഞ്ഞം തുറമുഖത്തെത്തും. ഇരുപത് മുതല്‍ നാല്‍പ്പത് പേരെയാണ് ഇനി രക്ഷിപ്പെടുത്താനുള്ളതെന്നും കളക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.