ബിജെപി-ബിഡിജെഎസ് ബന്ധം ശക്തമാകുന്നു;  ലോക്സഭാ സീറ്റ് ലക്ഷ്യം വെച്ച് നീങ്ങാന്‍ ധാരണ

0
70

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലോക്സഭാ സീറ്റ് ലക്ഷ്യവെച്ച് ബിജെപി നീങ്ങുന്നു. ലോക്സഭാ സീറ്റ് എന്ന ലക്ഷ്യത്തിലേക്ക് ബിജെപിക്ക് ശക്തമായ പിന്തുണ വാഗ്ദാനം ചെയ്ത് സംസ്ഥാന ബിഡിജെഎസ് നേതൃത്വവും ഒപ്പമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് അരയും തലയും മുറുക്കി ബിജെപിക്കായി രംഗത്തുണ്ടാകും.വോട്ടുകളുടെ എണ്ണം നോക്കാതെ ബിജെപിക്ക് സീറ്റ് ഉറപ്പാക്കാന്‍ തങ്ങളുടെ സംഘടനാ ശേഷി മുഴുവനായും വിനിയോഗിക്കുമെന്നാണ് ബിഡിജെഎസ് ബിജെപി ദേശീയ നേതൃ ത്വത്തിനു നല്‍കിയിരിക്കുന്ന ഉറപ്പ്.  വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിൽ നിന്നു ലോക്സഭാ സീറ്റ് നേടാനായില്ലെങ്കിൽ പിന്നെയൊരിക്കലും അതുണ്ടാകില്ലെന്നാണു ബിജെപി അധ്യക്ഷന്‍ അമിത് ഷാ തന്നെ കണക്കുകൂട്ടുന്നത്.

ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലും ലോക്സഭാ സീറ്റ് എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുക തന്നെ വേണം എന്നാണ് അമിത് ഷാ സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് ബിജെപിക്ക് ലോക്സഭാ സീറ്റ് എന്ന ആവശ്യവുമായി  ബിഡിജെ എസ് ചര്‍ച്ചകളെ അമിത് ഷാ തന്നെ നിയന്ത്രിക്കുന്നത്.

വോട്ടുകളുടെ എണ്ണം കൂട്ടാതെ സീറ്റ് തന്നെ പിടിച്ചെടുക്കാനാണ് ബിജെപി-ബിഡിജെഎസ് നീക്കം. ഈ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം പതിവുപോലെ വോട്ടു കൂട്ടി എന്ന അവകാശവാദവുമായി കേരളാ ബിജെപി നേതൃത്വം രംഗത്ത് വരില്ല. സീറ്റ് മാത്രം നോക്കിയാല്‍ മതി എന്നാണു തീരുമാനം.

നിയമസഭാ മണ്ഡലത്തില്‍ ബിജെപി നേടിയ വോട്ടുകള്‍ അടിസ്ഥാനമാക്കിയാവും ഏതൊക്കെ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന തീരുമാനം വരുന്നത്. ഇതിന്റെ ഭാഗമായി രണ്ടു ലക്ഷത്തിലേറെ വോട്ടുകള്‍ നേടിയ ലോക്സഭാ മണ്ഡലങ്ങളില്‍ ബിജെപി-ബിഡിജെഎസ് നേതൃത്വം ശക്തമായ പ്രചാരണങ്ങളുമായി രംഗത്ത് നിലകൊള്ളും.

എല്ലാ തൊഴുത്തില്‍കുത്തുകളും ഒഴിവാക്കിയാവും ഇത്തവണ എന്‍ഡിഎ കേരളത്തില്‍ പ്രചാരണ രംഗത്ത് സജീവസാന്നിധ്യമാകുന്നത്. നിലവില്‍ ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗമാണെങ്കിലും തിരഞ്ഞെടുപ്പുകളില്‍ സജീവസാന്നിദ്ധ്യമായി ബിഡിജെഎസ് മാറിയിരുന്നില്ല.

നേരിയ രീതിയില്‍ ബിഡിജെഎസ് ശക്തമായി വരുമ്പോഴാകും എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ബിജെപി വിരുദ്ധ പ്രസ്താവന വരുന്നത്. അതോടെ ബിഡിജെഎസ് നിര്‍വീര്യമാകുകയും ചെയ്യും. എന്നാല്‍ ഇത്തവണ അതിനു മാറ്റം വരുകയാണ്.

കാരണം ഇടത് പക്ഷ മനസുമായി നിലകൊണ്ടിരുന്ന എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇത്തവണ ഇടത് അനുകൂല പ്രസ്താവനയുമായി മുന്നോട്ട് വരില്ല. സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളില്‍ മുന്നോക്കസമുദായത്തില്‍പ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ഇടത് തീരുമാനത്തില്‍ കടുത്ത അസംതൃപ്തിയുമായാണ് വെള്ളാപ്പള്ളി നിലകൊള്ളുന്നത്.

ഇടത് മുന്നണിയെ വിശ്വസിക്കുകയും ഈ മുന്നണിക്ക്‌ വേണ്ടി നിലകൊള്ളുകയും ചെയ്ത പിന്നോക്ക് വിഭാഗക്കാര്‍ക്ക് നേരെയുള്ള ഇടത് സര്‍ക്കാരിന്റെ ചതിയായാണ് ഈ തീരുമാനം വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. അതുകൊണ്ട് തന്നെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടത് അനുകൂല നിലപാടുമായി എസ്എന്‍ഡി യോഗവും നിലകൊള്ളാനുള്ള സാധ്യതകള്‍ പരിമിതമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തന്നെയാണ് ബിഡിജെഎസും ബിജെപിയും കൂടുതല്‍ അടുക്കാന്‍ തീരുമാനിക്കുന്നത്.

‘വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് സീറ്റ് ലഭിക്കും. പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തിയാവും ലോക്സഭാ സീറ്റ് ബിജെപി പിടിച്ചെടുക്കുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം നിയമസഭാ സീറ്റ് ബിജെപി പിടിച്ചെടുത്തു. അതുപോലെ ചില ലോക്സഭാ സീറ്റും ബിജെപി പിടിച്ചെടുക്കും. വോട്ടു ഇത്തവണ ഞങ്ങള്‍ കണക്കിലെടുക്കില്ല. സീറ്റാണ് നോട്ടം. അതിനുള്ള മുന്നൊരുക്കങ്ങള്‍ ബിജെപി ആദ്യമേ പൂര്‍ത്തീകരിക്കും. ബിജെപി മുന്‍ സംസ്ഥാന പ്രസിഡനറും , നിലവിലെ ദേശീയ സമിതിയംഗവുമായ പി.കെ.കൃഷ്ണദാസ് 24 കേരളയോടു പ്രതികരിച്ചു.

ലോക്സഭാ സീറ്റ് ലക്ഷ്യമാക്കിയുള്ള സംഘടനാ പരമായ ഒരുക്കങ്ങള്‍ ബിജെപി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഒപ്പം മറ്റു പാര്‍ട്ടികളിലെ നേതാക്കള്‍ക്ക് വാതില്‍ തുറന്നിട്ടിട്ടുമുണ്ട്. കൃഷ്ണദാസ് പറയുന്നു. ബിജെപിക്ക് ലോക്സഭാ സീറ്റ് ഉറപ്പാക്കി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരു ശക്തികേന്ദ്രമായി മാറാനാണ് ബിഡിജെഎസ് ഒരുങ്ങുന്നത്.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സംഘടനാ ശേഷി പൂര്‍ണ്ണമായും ബിജെപിക്കായി വിനിയോഗിക്കും എന്നാണു ബിഡിജെഎസ് നേതൃത്വം ബിജെപി നേതൃത്വത്തിനു നല്‍കിയിരിക്കുന്ന ഉറപ്പ്. ഈ ഉറപ്പ് മുഖവിലയ്ക്കെടുത്താണ് ലോക്സഭാ മുന്നൊരുക്കങ്ങളില്‍ ബിജെപി നേതൃത്വം ഏര്‍പ്പെട്ടിരിക്കുന്നത്.

ബിജെപി ദേശീയ നേതൃത്വത്തിനാണ് ബിഡിജെഎസ് ഉറപ്പ് നല്‍കിയിരിക്കുന്നതെന്നതിനാല്‍ ഈ ഉറപ്പ് ബിഡിജെഎസ് ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വവും കരുതുന്നില്ല. ഈ പശ്ചാത്തലത്തില്‍ ഈ മാസം ആദ്യവാരം തന്നെ എന്‍ഡിഎ യോഗം വിളിച്ചു കൂട്ടാന്‍ ബിജെപി ഒരുങ്ങുകയാണ്.

കഴിഞ്ഞ മാസം എന്‍ഡിഎ മീറ്റിംഗ് കൂടിയിരുന്നു. ഡിസംബര്‍ ആദ്യവാരം എന്‍ഡിഎ മീറ്റിംഗ് പറഞ്ഞിരുന്നെങ്കിലും ശിവഗിരിയിലെ റാലിയുമായി ബന്ധപ്പെട്ട് കുറച്ച് തിരക്കുണ്ട്‌ എന്ന് ബിഡിജെഎസ് അറിയിച്ചിട്ടുണ്ട്. പക്ഷെ കഴിയും വേഗം എന്‍ഡിഎ മീറ്റിംഗ് വിളിക്കാനാണ് ബിജെപി-ബിഡിജെഎസ് തീരുമാനം.

ഈ നാലാം തീയതി കുറിഞ്ഞി ഉദ്യാനഭൂവിലെ കയ്യേറ്റങ്ങള്‍ സന്ദര്‍ശിക്കാന്‍ എന്‍ഡിഎ സംഘം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ കുറിഞ്ഞി ഉദ്യാന മേഖല സന്ദര്‍ശിക്കാനും തീരുമാനിച്ചിട്ടുണ്ട്. കുറിഞ്ഞി കയ്യേറ്റങ്ങള്‍ ഒരു രാഷ്ട്രീയ പ്രക്ഷോഭമാക്കിമാറ്റാനാണ് എന്‍ഡിഎ ഒരുങ്ങുന്നത്. അതിനുവേണ്ടിയാണ് കയ്യേറ്റ സ്ഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കാന്‍ എന്‍ഡിഎ സംഘം തയ്യാറെടുക്കുന്നത്.

അസംബ്ലി മണ്ഡലങ്ങളിലെ വോട്ടിംഗ് കണക്കുനോക്കി രണ്ടു ലക്ഷത്തിലേറെ വോട്ടു ലഭിച്ചിരിക്കുന്ന ലോക്സഭാ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാനാണ് ബിജെപി നേതൃത്വം പദ്ധതിയിട്ടിരിക്കുന്നത്. കേരളത്തില്‍ ഒരു രാഷ്ട്രീയ ശക്തിയായി മാറാന്‍ ബിഡിജെഎസ് ഒരുങ്ങിയിരിക്കെ ഈ മണ്ഡലങ്ങളിലെ തങ്ങളുടെ മുഴുവന്‍ വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി തന്നെ നല്‍കാന്‍ ബിഡിജെഎസ് രംഗത്തുണ്ടാകും. ഇതുവഴി വന്‍ അട്ടിമറി നടത്തി ലോക്സഭാ മണ്ഡലം ബിജെപിയുടേത് ആക്കി മാറ്റാനാണ് ബിജെപി നേതൃത്വം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

കേരളത്തിലെ ജനപ്രിയരായ ചില രാഷ്ട്രീയ നേതാക്കള്‍ ബിജെപിയിലേക്ക് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കടന്നുവരുകയും ചെയ്യും. അതിനു പദ്ധതി തയ്യാറാക്കുന്നത് ബിജെപി ദേശീയ നേതൃത്വമാണ്. എല്ലാ സംസ്ഥാനങ്ങളിലും ജനപ്രിയ നേതാക്കളെ ആകര്‍ഷിക്കാനാണ് ബിജെപി അഖിലേന്ത്യാ തലത്തില്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കേരലത്തിലും  അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരും.

ചില പ്രമുഖ നേതാക്കള്‍ ബിജെപിയിലേക്ക് കടന്നു വരും എന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകള്‍. ഈ സൂചന നല്‍കുന്നത് ബിജെപി ദേശീയ നേതൃത്വമാണ്. ഇതുവരെ ലോക്സഭാ മണ്ഡലം ലഭിക്കാത്ത കാര്യമൊന്നും ഈ കാര്യത്തില്‍ കണക്കിലെടുക്കേണ്ടതില്ല. മണ്ഡലം പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് പ്രൊഫഷനല്‍ രീതിയിലുള്ള പ്രചാരണ തന്ത്രങ്ങള്‍ തയ്യാറാക്കി മുന്നോട്ട് പോകാനാണ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിലെ മുഴുവന്‍ ലോക്സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങള്‍ ബിജെപി ദേശീയ നേതൃത്വമാകും നിയന്ത്രിക്കുക. ബിജെപിയുടെ പരിചയ സമ്പന്നരായ ദേശീയ നേതാക്കള്‍ ഒരുക്കങ്ങള്‍ നിരീക്ഷിച്ച് കേരളത്തില്‍ നിലകൊള്ളുകയും ചെയ്യും. ഇപ്പോള്‍ തന്നെ ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

ലോക്സഭാ മണ്ഡലം അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. 20 ലോക്സഭാ മണ്ഡലങ്ങളിലും ഓരോ മുതിര്‍ന്ന നേതാവിന് ചാര്‍ജ് നല്കിക്കഴിഞ്ഞിട്ടുണ്ട്. അത് പുറത്തു നിന്നുള്ള നേതാവാണ്‌. ഓരോ ലോക്സഭാ മണ്ഡലത്തിനും ചുമതല നല്‍കിയിരിക്കുന്നത് കേരളത്തിലെ നേതാക്കള്‍ക്കാണ്. ഈ കാര്യത്തില്‍ തീരുമാനം എടുത്ത് കഴിഞ്ഞിട്ടുണ്ട്.

വോട്ടര്‍പട്ടിക സസൂക്ഷ്മം പരിശോധിക്കുന്നുണ്ട്. ബൂത്ത്‌ തലത്തിലുള്ള കമ്മറ്റികള്‍ സജീവമാക്കുന്ന പരിപാടികളാണ് ഇപ്പോള്‍ നടന്നു വരുന്നത്. ഒരു പാര്‍ലമെന്റ് മണ്ഡലം ശ്രദ്ധിക്കാന്‍ ആറുപേര്‍ അടങ്ങുന്ന കമ്മറ്റി വേറെയുണ്ട്. എല്ലാ മണ്ഡലങ്ങളിലും മുഴുവന്‍ സമയ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. ഒരു വര്‍ഷം കഴിയുമ്പോള്‍ കുറച്ചു കൂടി അനുകൂലമായ നിലപാട് ബിജെപിക്ക് സംസ്ഥാന തലത്തില്‍ ലഭിക്കും എന്നാണു ബിജെപി സംസ്ഥാന നേതൃത്വം വിശ്വസിക്കുന്നത്.