വൈദ്യുതി വിതരണം  പുന:സ്ഥാപിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ച് വൈദ്യുതിവകുപ്പ്

0
25

തിരുവനന്തപുരം : കഴിഞ്ഞ ദിവസങ്ങളിലെ കൊടുങ്കാറ്റിലും മഴയിലും വൈദ്യുതിവിതരണത്തിലുണ്ടായ നാശനഷ്ടങ്ങളും കെടുതികളും അവലോകനം ചെയ്യാന്‍ വൈദ്യുതിവകുപ്പ് മന്ത്രി എം.എം.മണി ഉന്നതഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കിജില്ലകളിലായി  ഏകദേശം അഞ്ഞൂറോളം 11 കെ.വി.പോസ്റ്റുകളും രണ്ടായിരത്തോളം മറ്റു പോസ്റ്റുകളും മറിഞ്ഞിട്ടുണ്ട്.  കൂടാതെ, 150 സ്ഥലങ്ങളില്‍ 11 കെ.വി ലൈനുകളും 1300 സ്ഥലങ്ങളില്‍ എല്‍.ടി ലൈനുകളും പൊട്ടിവീണ് വൈദ്യുതി തടസ്സപ്പെട്ടിട്ടുണ്ട്.  ആകെ 5 കോടി രൂപയുടെ നഷ്ടം ഇതുമൂലം ബോര്‍ഡിനുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.   അതോടൊപ്പം പല പ്രദേശങ്ങളിലും മണിക്കുറുകളോളം  വൈദ്യുതിവിതരണം തടസ്സപ്പെട്ടുകിടക്കുകയാണെന്നും അതുമൂലം കെ.എസ്.ഇ.ബിയ്ക്കുണ്ടാകുന്ന വരുമാന നഷ്ടം വേറെയാണെന്നും യോഗം വിലയിരുത്തി.

ഏറ്റവും കൂടുതല്‍ നാശം വിതച്ചത് ഇടുക്കിയിലെ മലയോരമേഖലയിലാണ്.   നൂറ്റമ്പതോളം 11 കെ.വി പോസ്റ്റും 200 സാധാരണ പോസ്റ്റുകളുമാണ് ഇടുക്കിയുടെ മലയോര പ്രദേശങ്ങളില്‍ തകര്‍ന്നത്.  അതോടൊപ്പം 750 സ്ഥലങ്ങളില്‍ ലൈനുകള്‍ പൊട്ടിവീണ് വൈദ്യുതിവിതരണം  ജില്ലയിലാകെ താറുമാറായി.

മറ്റുസ്ഥലങ്ങളില്‍ നിന്നും ജീവനക്കാരെയും കരാര്‍ പണിക്കാരെയും ഇത്തരം ജോലിയില്‍ പ്രാവണ്യമുള്ളവരെ കൂടുതലായി ഏര്‍പ്പടുത്തുന്നതിന് ആവശ്യമായ സാമ്പത്തികം പ്രത്യേകമായി അനുവദിച്ചും  എത്രയും പെട്ടെന്ന് വൈദ്യുതിവിതരണനില പുന:സ്ഥാപിക്കണമെന്ന് മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.

കനത്ത മഴ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ പുന:സ്ഥാപന ജോലികള്‍   നടത്തുന്നതിന്  തടസ്സങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഉപഭോക്താക്കളെ ഈ വിവരങ്ങള്‍ കൃത്യമായി അറിയിക്കാനും വൈദ്യുതി പുന:സ്ഥാപന ജോലികളുടെ പ്രവര്‍ത്തന പുരോഗതി നിരീക്ഷിക്കാനും സര്‍ക്കിള്‍ ഓഫീസുകളില്‍ കണ്‍ട്രോള്‍ റൂം സംവിധാനം  ഏര്‍പ്പെടുത്താനും പ്രദേശികമായി മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍  അറിയിക്കാനുമുള്ള നടപടികള്‍ ഉണ്ടാകണമെന്നും മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു.