ആറുമാസത്തിനിടയില്‍ ഒന്ന് എന്ന രീതിയില്‍ ഇടതു മന്ത്രിസഭയില്‍ നിന്നും വിക്കറ്റുകള്‍ കൊഴിയുന്നു: വിഷ്ണുനാഥ്

0
47

എം.മനോജ് കുമാര്‍

തിരുവനന്തപുരം: ആറുമാസത്തിന്നിടയില്‍ ഒരു വിക്കറ്റ് എന്ന രീതിയിലാണ് ഇടതുമുന്നണി മന്ത്രിസഭയില്‍ നിന്നും മന്തിമാര്‍ രാജിവെക്കുന്നതെന്ന് എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് 24 കേരളയോടു പറഞ്ഞു. ഇത്തരം രാജികള്‍ ഇടത് സര്‍ക്കാരിനു കനത്ത തിരിച്ചടിയാണെന്നും ഈ തിരിച്ചടി കാര്യമാക്കാതെയാണ് ഇടത് സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്നും വിഷ്ണുനാഥ് പറഞ്ഞു.

ആറുമാസത്തിന്നിടെ കാലാവധിയില്‍ മന്ത്രിമാര്‍ കൊഴിഞ്ഞു പോകുന്ന ഒരു അനുഭവം കേരളം ഭരിച്ച സര്‍ക്കാരുകള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. വ്യക്തമായ ആരോപണങ്ങള്‍ കാരണമാണ് ഇ.പി.ജയരാജനും എ.കെ.ശശീന്ദ്രനും തോമസ് ചാണ്ടി അടക്കമുള്ള മന്ത്രിമാര്‍ക്ക് രാജി വയ്ക്കേണ്ടി വന്നത്. ആരുടെ രാജിയും പിടിച്ചു നിര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞതുമില്ല. ഇത് സര്‍ക്കാരിനു വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന പടയൊരുക്കം വലിയ വിജയമായി മാറിയെന്നും, പടയൊരുക്കം യാത്ര കാണാന്‍ തടിച്ചു കൂടിയ ജനങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ മാറ്റത്തിന്റെ ആരംഭത്തിന്റെ പ്രതിഫലനമാകുകയാണെന്നും വിഷ്ണു നാഥ് പറഞ്ഞു. സാധാരണ രാഷ്ട്രീയ ജാഥകളില്‍ കാണാത്ത ഒരു സ്വീകരണമാണ് പടയൊരുക്കത്തിനു കേരളം നല്‍കിയത്.

കോണ്‍ഗ്രസ് പ്രവര്ത്തകര്‍ രണ്ടു കയ്യും നീട്ടിയാണ് പടയൊരുക്കത്തെ സ്വാഗതം ചെയ്തത്. പടയൊരുക്കം കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും യുഡിഎഫിനും പൊതുവായി വലിയ ആത്മവിശ്വാസം നല്‍കി.

എം.എം.ഹസന്റെ നേതൃത്വത്തില്‍ പടയൊരുക്കത്തിന്റെ വിജയത്തിനു വേണ്ടി എണ്ണയിട്ട രീതിയില്‍ കോണ്‍ഗ്രസ് മെഷീനറി ചലിപ്പിക്കപ്പെട്ടെന്നും വിഷ്ണുനാഥ് പറഞ്ഞു. സംസ്ഥാന-കേന്ദ്ര ഭരണത്തിനെതിരെ
വലിയ ജനവികാരം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് പടയൊരുക്കത്തിന്റെ വിജയം. ഈ കാഴ്ചപ്പാടിലൂടെയാണ് കോണ്‍ഗ്രസ് പടയൊരുക്കത്തിന്റെ വിജയം വിലയിരുത്തുന്നത്-വിഷ്ണുനാഥ് പറഞ്ഞു.