ഇനിമുതല്‍ വാട്‌സ് ആപ്പിനുള്ളില്‍ തന്നെ യൂട്യൂബ് വീഡിയോ ലിങ്കുകള്‍ കാണാം

0
106


ആപ്പിന് ഉള്ളില്‍ തന്നെ യൂട്യൂബ് വീഡിയോ ലിങ്കുകള്‍ കാണാവുന്ന പുതിയ ഫീച്ചറുമായി വാട്‌സാപ്പ്. ഇനിമുതല്‍ വാട്‌സ് ആപ്പില്‍ അയക്കുന്ന വീഡിയോ അവിടെ തന്നെ കാണാന്‍ സാധിക്കും, അതുപോലെ തന്നെ യൂട്യൂബ് ലിങ്കുകളും തുറക്കും. ഈ ഫീച്ചര്‍ നിലവില്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്കാണ് പരീക്ഷണാര്‍ത്ഥം ലഭിക്കുന്നതെങ്കിലും വൈകാതെ എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഐഫോണിന്റെ പുതിയ വാട്‌സ് ആപ്പ് പതിപ്പ് 2.17.81 ലാണ് ഈ ഫീച്ചര്‍ ഉള്ളത്.

പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലായിരിക്കും വാട്‌സ് ആപ്പില്‍ ഇനി യൂട്യൂബ് വീഡിയോ പ്ലേ ആകുക എന്നും വാട്‌സ് ആപ്പ് അറിയിക്കുന്നുണ്ട്. ഇത് ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുകയോ, അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യാം.

ഇതുകൂടാതെ വോയ്‌സ് കോളില്‍ നിന്നും വീഡിയോ കോളിലേക്ക് എളുപ്പത്തില്‍ മാറാനുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമവും വാട്‌സ് ആപ്പില്‍ നടക്കുന്നുണ്ട്. നേരത്തെ ഡിലീറ്റ് ഫോര്‍ എവരിവണ്‍, ലൈവ് ലൊക്കേഷന്‍ ഷെയറിങ് തുടങ്ങി മികച്ച ഫീച്ചറുകള്‍ വാട്‌സ് ആപ്പ് അവതരിപ്പിച്ചിരുന്നു.