കടലില്‍ കുടുങ്ങി കിടക്കുന്ന അവസാനത്തെ ആളെയും കരയില്‍ എത്തിക്കും വരെ രക്ഷാപ്രവര്‍ത്തനം തുടരും: മെഴ്‌സിക്കുട്ടിയമ്മ

0
43

തിരുവനന്തപുരം: തെറ്റിധാരണ പരത്തുന്ന പ്രചാരണങ്ങളില്‍ മത്സ്യത്തൊഴിലാളികളും കുടുംബങ്ങളും വീഴരുതെന്ന് ഫിഷറീസ് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ. കുടുംബങ്ങളുടെ ആശങ്കയെ മുതലെടുത്ത് ചിലര്‍ കള്ള പ്രചാരണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇതിനോടകം നിരവധി പേരെ രക്ഷപ്പെടുത്തി കഴിഞ്ഞു.കടലില്‍ കുടുങ്ങി കിടക്കുന്ന അവസാനത്തെ ആളെയും കരയില്‍ എത്തിക്കും വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്നും മന്ത്രി അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമാണ് സര്‍ക്കാര്‍. അവരുമായി ഏറ്റുമുട്ടലിന് സര്‍ക്കാരില്ല. അവര്‍ക്ക് പരമാവധി സഹായവും ആശ്വാസവും എത്തിക്കുകയാണ് സര്‍ക്കാര്‍ നയം. ശംഖുമുഖത്തും പൂന്തുറയിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലയില്‍ തീരപ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.