ജസ്റ്റിസ് ബി.എച്ച്.ലോയയുടെ മരണം: പുതിയ വെളിപ്പെടുത്തലുകള്‍ ഒതുക്കാന്‍ ബിജെപി

0
86

ആരതി.എം.ആര്‍

2002ല്‍ ഗുജറാത്ത് വംശീയ കൂട്ടക്കൊലപാതക സമയത്ത് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൊറാബുദ്ദീന്‍ ഷേക്ക്, ഭാര്യ കൗസര്‍ബി എന്നിവരുടെ കേസ് പരിഗണിച്ചിരുന്ന സിബിഐ ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയ എന്ന ബി.എച്ച് ലോയയുടെ ദുരൂഹമരണത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ദിനംപ്രതി ഉണ്ടാകുകയാണ്.

കേസിന്റെ നാള്‍ വഴികള്‍ അന്നത്തെ ഗുജറാത്ത് ഭരണകൂടത്തിന് നേര്‍ക്കാണ് തിരിയുന്നത്. പ്രശാന്ത് ദയാല്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് സൊറാബുദ്ദീന്‍ ഷേക്ക് കൊലപാതകം വ്യാജ ഏറ്റുമുട്ടലില്‍ സംഭവിച്ചതാണെന്ന് പുറംലോകത്തെ അറിയിച്ചത്. ഇതിനെ തുടര്‍ന്ന് അന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷാ സ്ഥാനം ഒഴിയേണ്ടി വരികയും സിബിഐ കോടതിയുടെ വിചാരണ നേരിടേണ്ടിയും വന്നിട്ടുണ്ട്.

അന്ന് സിബിഐ ജഡ്ജിയായിരുന്ന ജെട്ടി ഉത്പദ്, കേസില്‍ അമിത്ഷാ ഹാജരാകാത്തതില്‍ എതിര്‍പ്പ് അറിയിക്കുകയും ജൂണ്‍ 26ന് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അതിന് മുമ്പ് ജെട്ടി ഉത്പദിനെ സ്ഥലം മാറ്റുകയായിരുന്നു. തല്‍സ്ഥാനത്ത് ജഡ്ജിയായെത്തിയ ബി.എച്ച് ലോയയും അമിത്ഷാ ഹാജരാകാത്തതില്‍ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ കേസ് ഏറ്റെടുത്ത്‌ അഞ്ച്‌ മാസത്തിനുള്ളില്‍(2014 നവംബര്‍ 30) ബി.എച്ച് ലോയ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞു.

തുടര്‍ന്ന് സിബിഐ ജഡ്ജിയായെത്തിയ എം.പി ഗോസാമി അമിത്ഷായെ കുറ്റവിമുക്തനാക്കുകയും കേസിലുള്ള
മറ്റ് പ്രമുഖരെ വെറുതെ വിടുകയും ചെയ്തു. തെളിവുകള്‍ ഏറെയുണ്ടായിരുന്നിട്ടും കേസ് രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് ഒതുക്കി തീര്‍ക്കുകയായിരുന്നു. സിബിഐ അപ്പീലിനും പോയില്ല.

ഗുജറാത്തില്‍ വിജയപ്രതീക്ഷയുമായി ബിജെപി വീണ്ടും തിരഞ്ഞെടുപ്പിനെ സമീപിക്കുമ്പോള്‍ ബി.എച്ച് ലോയയുടെ കുടുംബാംഗങ്ങള്‍ പുതിയ വെളിപ്പെടുത്തലുകളുമായി എത്തുകയാണ്. കേസില്‍ അനുകൂല തീരുമാനത്തിനായി അന്നത്തെ ബോംബെ ചീഫ് ജസ്റ്റിസ് 100 കോടി വാഗ്ദാനം ചെയ്തിരുന്നുവെന്നും വലിയ സമ്മര്‍ദം ചെലുത്തിയിരുന്നെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. രാജിവെക്കുന്നതു പോലും ലോയയുടെ ആലോചനയില്‍ ഉണ്ടായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

തെളിവുകള്‍ ഇല്ലാതാക്കാനും സമൂഹ്യമാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ എത്താതിരിക്കാനും വലിയ സ്വാധീനമാണ് കേന്ദ്രത്തില്‍ നിന്നും ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെയാണ് വാര്‍ത്ത പുറത്തുവന്നതുകൊണ്ടാണ്‌
കാരവന്‍ മാസികയ്ക്ക് മേല്‍ വാര്‍ത്ത ഇല്ലാതാക്കാനായി ഇത്രയേറെ സമ്മര്‍ദങ്ങള്‍ ചെലുത്തുന്നത്.

അമിത് ഷാ, അരുണ്‍ ജെയ്റ്റ്‌ലി, ദേവേന്ദ്ര ഫട്‌നാവിസ്, പീയുഷ് ഗോയല്‍ എന്നീ നാല്‍വര്‍ സംഘം വാര്‍ത്തയെ കൂടുതല്‍ ശക്തമായി പ്രതിരോധിക്കാന്‍ പരിശ്രമിക്കുന്നുണ്ട്.

ലോയയെ പരിശോധിച്ച ഡാന്‍ഡെ ഹോസ്പിറ്റല്‍, മെഡിറ്ററേനിയന്‍ ഹോസ്പിറ്റല്‍ തുടങ്ങിയവയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകളും വ്യത്യസ്തമാണ്. ജഡ്ജ് ലോയയ്‌ക്കൊപ്പം നാഗ്പൂരിലേക്ക് പോയ ജസ്റ്റിസ് കുല്‍ക്കര്‍ണിയും ജസ്റ്റിസ് മോദകും ഇതിനെക്കുറിച്ച് സംസാരിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ 2014 ഡിസംബര്‍ ഒന്നിന് ലോയയ്‌ക്കൊപ്പം ഉണ്ടായിരുന്നു എന്ന് അവകാശപ്പെടുന്ന രണ്ട് ജഡ്ജിമാര്‍ ഡാന്‍ഡെ ഹോസ്പിറ്റലില്‍ നിന്ന് ലഭിച്ച ഇസിജി റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടു.

സര്‍ക്കാരിനെ എതിര്‍ക്കുന്ന ഇടതുപക്ഷ ലിബറല്‍ ആയ മാധ്യമങ്ങള്‍ ഈ റിപ്പോര്‍ട്ടുകള്‍ വാര്‍ത്തയാക്കാണമെന്ന് അരുണ്‍ ജെയ്റ്റ്‌ലി ആവശ്യപ്പെട്ടിരുന്നു. യാഥാര്‍ത്ഥ്യത്തെ ഹനിക്കുന്ന രീതിയില്‍ വാര്‍ത്തയെ മാറ്റിമറിക്കാനാണ് പീയുഷ് ഗോയല്‍ മറ്റ് മുഖ്യധാരാ മാധ്യമങ്ങളോട് ആവശ്യപ്പെട്ടത്. വാര്‍ത്തയെ ഭരണകൂടത്തിന് അനുകൂലമാക്കി മാറ്റാനുള്ള നിരന്തര ശ്രമമാണ് നടക്കുന്നത്.