ന്യൂഡല്‍ഹി: നാവികസേനയുടെ കരുത്ത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണവ വാഹകശേഷിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി ഇന്ത്യ. ഇന്ത്യ-പസഫിക് മേഖലയിലെ ചൈനയടെ സാന്നിധ്യം കണക്കിലെടുത്താണ് പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതി.
നാവികസേന ചീഫ് അഡ്മിറല്‍ സുനില്‍ ലാന്‍ബ പദ്ധതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശരിവച്ചു.പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിശദീകരണങ്ങള്ക്കില്ല എന്നു വ്യക്തമാക്കിയാണ് മെഗാ പ്രോജക്ട് ആരംഭിച്ച വിവരം അദ്ദേഹം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ നാവികസേന ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാന് ചതുഷ്കോണ കൂട്ടായ്മയില്‍ വലിയ പങ്ക് വഹിക്കാന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം സൂചന നല്കി.
യുദ്ധക്കപ്പലുകള്‍, ആണവ അന്തര്‍വാഹിനികള്‍, പുത്തന്‍ ആയുധസാമഗ്രികള്‍ തുടങ്ങിയവ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചും നാവികദിനത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ ലാന്‍ബ സംസാരിച്ചു. പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ ആണവ മുങ്ങിക്കപ്പലായ ഐഎന്‍എസ് അരിഹന്ത് 2016-ല്‍ കമ്മിഷന് ചെയ്തതോടെ കരയില്‍നിന്നും ആകാശത്തില്‍ നിന്നും കടലിനടിയില്‍ നിന്നും ആണവായുധം പ്രയോഗിക്കാനുള്ള ത്രിതല ശേഷി ഇന്ത്യ സ്വന്തമാക്കിയിരുന്നു.